Thursday, December 18, 2008

ഷൊര്‍ണ്ണൂരില്‍ ഹര്‍ത്താല്‍

ലോക്കല്‍ കമ്മറ്റി ഓഫീസിന്‌ നേരെ കല്ലേറുണ്ടായെന്ന്‌ ആരോപിച്ച്, ഉപതിരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെട്ട സി.പി.എം ഷൊര്‍ണ്ണൂരില്‍ ആഹ്വാനം ചെയ്ത ബന്ത് ആഘോഷപൂര്‍വ്വം ആരംഭിച്ചിരിക്കുന്നു. പതിവ് പരിപാടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ ഹര്‍ത്താല്‍ മഹാമഹത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Wednesday, October 22, 2008

തിരുവനന്തപുരത്ത് സംയുക്ത ഹര്‍ത്താല്‍

ഹൈക്കോടതി ബഞ്ച് സ്ഥാപിച്ചു കിട്ടുന്നതിനായിട്ടാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ആഘോഷിച്ചത്. ഹര്‍ത്താലിനെതിരേ ശക്തമായ നിലപാടെടുക്കുന്ന കേരളാ ഹൈക്കോടതിയ്ക്ക് വേണ്ടി ഹര്‍ത്താലാചരിച്ച ദിനം എന്ന വൈരുദ്ധ്യത്തിനാണ് സാക്ഷര കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്.

ഹര്‍ത്താല്‍ ഒറ്റ നോട്ടത്തില്‍:


പ്രഖ്യാപിച്ചത്:
അഭിഭാഷക സംയുക്ത സമരസമിതി.

തീയതി:
കൃസ്താ‍ബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം ഇരുപത്തി ഒന്ന് ചൊവ്വാഴ്ച.

ബാധിത പ്രദേശം:
തിരുവനന്തപുരം ജില്ല.

അനന്തരം:
കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പതിമൂന്നെണ്ണത്തിന്റെ ചില്ലുകള്‍ മാറ്റി വെയ്ക്കാം. കുടിവെള്ള ടാങ്കല്‍ ലോറിയൊന്ന് കല്ലേറിനാല്‍ തകര്‍ന്നു. ബസ്സുജീവനക്കാരഞ്ചു പേരാശുപത്രിയില്‍. ഓട്ടോ റിക്ഷാകള്‍ പലതു തകര്‍ന്നു. സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി വെച്ചു. സ്കൂളുകള്‍ക്ക് അവധി കൊടുത്തു.

ഹൈക്കോടതി ബെഞ്ച് വേണമെന്ന് സര്‍ക്കാര്‍, ഭരണ പക്ഷം, പ്രതിപക്ഷം, പിന്നെ സര്‍വ്വ പക്ഷവും. പിന്നെന്താണ് ഇങ്ങിനെയൊരു ബെഞ്ചിന് തടസ്സം? ഹര്‍ത്താലിലും എല്ലാ പക്ഷവും ഉണ്ടായിരുന്നു.

എല്‍.ഡി.എഫ്, യൂ.ഡി.എഫ്, ബി.ജെ.പി.

ഇങ്ങിനെ എല്ലാവരും കൂടി ചേര്‍ന്ന് സമരം നടത്തിയിട്ടും എന്തേ ഹൈക്കോടതി ബെഞ്ച് വരുന്നില്ല? കാരണം മറ്റൊന്നുമല്ല. സമരം നടത്താന്‍ കല്ലെറിയാന്‍ കരിയൊഴിയ്ക്കാന്‍ എന്നാത്തിനാ ഇന്നി ഒരു സ്ഥാ‍പനം കൂടി തിരുവനന്തപുരത്ത്?

Tuesday, October 21, 2008

ബാലുശ്ശേരിയില്‍ ഇരട്ട ഹര്‍ത്താല്‍.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഇരട്ട ഹര്‍ത്താല്‍ ആയിരുന്നു. ആര്‍.എസ്സ്.എസ്സ്. കാര്യാലയത്തിനും ബീ.ജെ.പി. നിയോജക മണ്ഡലം ആപ്പീസിനും നേരേ ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ച് സംഘപരിവാറും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആപ്പീസ് ആക്രമിയ്ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇടതു പരിവാറും ഇന്ന് വേറിട്ട ഹര്‍ത്താലുകള്‍ ആചരിച്ചു.

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍:

പ്രഖ്യാപിച്ചത്:
ഇടതു പരിവാറും സംഘപരിവാറും.

ബാധിത പ്രദേശം:
ബാലുശ്ശേരി നിയോജക മണ്ഡലം

തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം ഇരുപത്തി ഒന്നാം തീയതി ചൊവ്വാഴ്ച.

ദൈര്‍ഘ്യം:
രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ.

കാരണം:
1. സി.പി.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ബാലുശ്ശേരിയിലുള്ള ബി.ടി.ആര്‍. മന്ദിരം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ ഉള്ള ഇടതു പക്ഷത്തിന്റെ പ്രതിഷേധം.

2. ആര്‍.എസ്സ്.എസ്സ്. കാര്യാലയത്തിനും ബീ.ജെ.പി. നിയോജക മണ്ഡലം ആപ്പീസിനും നേരേ ആക്രമണം ഉണ്ടായതില്‍ ഉള്ള ബീ.ജെ.പി. പ്രതിഷേധം

ദേശാഭിമാനി വാര്‍ത്ത ഇവിടെ.

മാതൃഭൂമീ വാര്‍ത്ത ഇവിടെ

ആക്രമണം നടത്തിയത് പരസ്പരം. ഹര്‍ത്താല്‍ ആഹ്വോനം ഒറ്റയ്ക്കൊറ്റയ്ക്ക്. ജനജീവിതം സ്തംഭിപ്പിച്ചത് ഒരുമിച്ച്. പൊതുജനം വലഞ്ഞത് മിച്ചം.

Tuesday, October 14, 2008

ഇന്നത്തെ ഹര്‍ത്താല്‍ ആലപ്പുഴ ജില്ലയില്‍.

ഹര്‍ത്താലാഘോഷങ്ങള്‍ നിരനിരയായി വരുന്നു. ഓണം റംസാന്‍ ചെറിയപെരുന്നാള്‍ അവധികള്‍ക്കും ആഘോഷങ്ങള്‍ക്കും ശേഷം ഹര്‍ത്താലുകളുടെ പ്രളയം തന്നെ.

ഇന്നത്തെ ഹര്‍ത്താല്‍ ആലപ്പുഴ ജില്ലയിലായിരുന്നു.

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍:

പ്രഖ്യാപിച്ചത്:
ബീ.ജെ.പി.

തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം പതിനാലാം തീയതി ചൊവ്വാഴ്ച.

ദൈര്‍ഘ്യം:
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.

ഹേതു:
എസ്.എഫ്.ഐ ആഹ്വാനം ചെയ്ത പഠിപ്പു മുടക്കു സമരത്തെ എതിര്‍ത്ത ഏ.ബീ.വീ.പി. പ്രവര്‍ത്തകരെ സമാധാനപരമായി കൈകാര്യം ചെയ്ത എസ്.എഫ്.ഐക്കാരെ വളരെ സമാധാനപരമായി ആര്‍.എസ്.എസ്സുകാര്‍ കൈകാര്യം ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐക്കാര്‍ നടത്തിയ ധര്‍ണ്ണയിലേക്ക് കല്ലേറു നടത്തിയ ആര്‍.എസ്സ്.എസ്സുകാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച ബീജേപീ പ്രവര്‍ത്തകരേയും നേതാക്കന്മാരേയും കൈകാര്യം ചെയ്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.

കഥയെന്തായാലും ഹര്‍ത്താല്‍ വിജയിച്ചാല്‍ മതിയല്ലോ. അതു വിജയിച്ചു.

വിജയ ഫലകം:
1. ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എട്ടു ബസ്സുകളുടെ ചില്ലുകള്‍ ചിന്നിച്ചിതറി.
2. കെ.എസ്.ആര്‍.ടി.സി ഡ്രൈവറന്മാരായ ശ്രീ. ജയിംസ് വര്‍ഗ്ഗീസ്, പ്രസാദ്, കണ്ടക്ടര്‍ പി.കെ.ദാസ്, യാത്രക്കാരന്‍ പുഷ്കരന്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍.
3. പള്ളിപ്പുറം എഞ്ചിനീയറിങ്ങ് കോളേജിന് കംബൂട്ടറുകള്‍ വേറേ വാങ്ങാം.
4. ദേശീയ പാത വിജനമാക്കി.
5. ബോട്ടു സര്‍വ്വീസും ജങ്കാര്‍ സര്‍വ്വീസും വേണ്ടെന്നു വച്ചു.
6. സ്കൂളുകള്‍ക്ക് അവധി.
7. ഓഫീസുകള്‍ക്ക് അവധി.
8. സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല.
9. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരേ കല്ലേറ്.

അങ്ങിനെ തികച്ചും സമാധാനപരമായി ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താലാഘോഷം കെങ്കേമമായി കൊണ്ടാടി.

ആലപ്പുഴ ഹര്‍ത്താലിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.
------------------------------
നാളത്തെ ഹര്‍ത്താല്‍ മഹാമഹം : കാസര്‍കോഡ് താലൂക്കില്‍.

Sunday, October 12, 2008

തലശ്ശേരി താലൂക്കില്‍ ഹര്‍ത്താല്‍ മഹാമഹം.

ഹര്‍ത്താലുകള്‍ ആഘോഷമാക്കപ്പെട്ടിരിയ്ക്കുന്ന നമ്മുടെ നാട്ടില്‍ കുറഞ്ഞൊരിടവേളയ്ക്ക് ശേഷം വീണ്ടും ഹര്‍ത്താല്‍. ആര്‍.എസ്.എസ്. ബോംബാണെങ്കിലും സി.പി.എം. ബോംബാണെങ്കിലും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ കോമത്ത് പാറ കലിഗാ നിവാസില്‍ സി.കെ. അനൂപ് എന്ന ഇരുപത്തൊന്നു കാരന്‍ അവന്റെ വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ടിരിയ്ക്കുന്നു എന്നത് മാത്രം സത്യം. കണ്ണൂരിലെ സമാധാനപരമായ കൊലപാതകങ്ങളുടെ ഏടുകളിലേയ്ക്ക് ഒരു ചെറുപ്പക്കാ‍രന്റെ പേരു കൂടി ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്നു.

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍.

പ്രഖ്യാപിച്ചത്:
ഭാരതീയ ജനതാപാര്‍ട്ടിയും സംഘപരിവാര്‍ സംഘടനകളും സംയുക്തമായി.

ബാധിയ്ക്കപ്പെടുന്ന പ്രദേശം:
തലശ്ശേരി താലൂക്ക്.

ഹര്‍ത്താലാചരണ തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി ശനിയാഴ്ച.

ദൈര്‍ഘ്യം:
ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് സൌകര്യപ്പെടുന്നിടം വരെ.

കാരണം:
ആര്‍.എസ്.എസ് ഘഠക് പ്രമുഖ് കോമത്ത് പാറ കലിഗാ നിവാസില്‍ സി.കെ. അനൂപ് കൊല്ലപ്പെട്ടു. ബോംബ് പൊട്ടിയാണ് അനൂപ് കൊല്ലപ്പെട്ടത്. സി.പി.എം. ബോംബാണ് പൊട്ടിയതെന്ന് ആര്‍.എസ്സ്.എസ്സും തങ്ങള്‍ക്കെതിരേ പ്രയോഗിയ്ക്കാന്‍ ഒരുക്കി കൊണ്ട് വന്ന ബോംബു സ്വയം പൊട്ടിയതാണെന്ന് സി.പി.എമ്മും ആണയിടുന്നു. ആരുടെ ബോംബാണെങ്കിലും നഷ്ടപ്പെട്ടത് ഒരു മനുഷ്യ ജീവന്‍.

കേരളത്തില്‍ ഹര്‍ത്താലാഘോഷങ്ങള്‍ താരതമ്യേന കുറഞ്ഞ മാസമാണ് കടന്നു പോയത്. ഒരു പക്ഷേ ഒണാഘോഷത്തിന്റേയും ചെറിയ പെരുന്നാളാഘോഷത്തിന്റേയും ഒക്കെ ഇടയ്ക്ക് ഹര്‍ത്താലാഘോഷങ്ങള്‍ മുങ്ങി പോകുമെന്ന് ഭയന്നായിരിയ്ക്കാം ഹര്‍ത്താല്‍ മഹാമഹങ്ങള്‍ക്ക് അവധി കൊടുത്തത്.

Sunday, September 14, 2008

ഇന്ന് ഹര്‍ത്താല്‍ നെടുമങ്ങാട്ട്.

അങ്ങിനെ ഹര്‍ത്താലില്ലാത്ത പത്ത് ദിനത്തിന് ശേഷം ഇന്ന് വീണ്ടും ഹര്‍ത്താല്‍. ഓണാഘോഷം കൊടിയിറങ്ങും മുന്നേ ഹര്‍ത്താലാഘോഷം കടന്നു വരുന്നത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പ്രദേശത്താണ്. തൂങ്ങിമരിച്ചയാള്‍ മരിക്കുന്നതിനു മുന്നേ തൂങ്ങിയതാണോ അതൊ മരിച്ചതിന് ശേഷം തൂങ്ങിയതാണോ എന്ന തര്‍ക്കം തര്‍ക്കമായി തന്നെ നില്‍ക്കവേയാണ് പരേതനെ കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞ് ഹര്‍ത്താല്‍ ആഘോഷിയ്ക്കപ്പെടുന്നത്. കൊലപാതകമാണേലും ആത്മഹത്യയാണേലും ഓണമാണേലും ഹര്‍ത്താല്‍ ഹര്‍ത്താലായി തന്നെ ആഘോഷിയ്ക്കാം...

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍.

കാരണം:
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട്, പനവൂര്‍ പാണയം എരുമല കോളനി തടത്തരികത്തു വീട്ടില്‍ വാസുവിന്റെയും ശ്യാമളയുടേയും മകന്‍ സുഭാഷ് എന്ന ഇരുപത് വയസ്സുകാരനെ ടിയാന്റെ വസതിയ്ക്കു സമീപമുള്ള റബ്ബര്‍ തോട്ടത്തിലെ റബ്ബര്‍ മരങ്ങളിലൊന്നിന്റെ കൊമ്പിന്മേല്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ഡി.വൈ.എഫ്.ഐയുടെ എരുമല യൂണിറ്റ് അംഗമായിരുന്ന പരേതനും ചില കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി മരണദിനത്തിന് തലേന്ന് പ്രത്യായ ശാസ്ത്രപരമായ ചില കശപിശകള്‍ നടന്നിരുന്നു. ആയതിന്റെ പ്രതികാരം തീര്‍ക്കാനായി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരേതനെ കൊന്നു കെട്ടിതൂക്കിയതാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപനം.

പ്രഖ്യാപിച്ചത്:
ഡി.വൈ.എഫ്.ഐ. നെടുമങ്ങാട് ഏരിയാ കമ്മിറ്റി.

തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് സെപ്തംബര്‍ മാസം പതിനാലാം തീയതി ഞായറാഴ്ച.

സമയം:

പതിവു പോലെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.

ബാധിത മേഖല:
ഡി.വൈ.എഫ്.ഐയുടെ നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ കീഴില്‍ വരുന്ന പനവൂര്‍, ആ‍നാട്, നെടുമങ്ങാട്, അരുവിക്കര, വെള്ളനാട്, വെമ്പായം, കരകുളം പ്രദേശങ്ങള്‍.

കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് തീര്‍ച്ചയില്ലാത്ത ഒരു മരണം, കൊലപാതകം തന്നെയെന്ന് നിശ്ചയിച്ച് കൊലപാതകികളെ പിടികൂടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആചരിയ്ക്കപ്പെടുന്ന ഹര്‍ത്താല്‍, പരേതന്‍ ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തില്‍ പോലീസെത്തിയാല്‍ എങ്ങിനെ ന്യായീകരിയ്ക്കപ്പെടും?

ഇന്നി ആത്മഹത്യ ചെയ്തതാണ് സുഭാഷെങ്കില്‍ അയാള്‍ കൊലചെയ്യപ്പെട്ടതാണ് എന്ന് തെളിയിയ്ക്കപ്പെടും വരെ സമരം ചെയ്യാമല്ലോ? സംഗതിയെന്തായാലും നെടുമങ്ങാട്ടുകാര്‍ക്ക് ഓണം കെങ്കേമമാകാന്‍ ഒരു ഹര്‍ത്താലും കൂടി വീണുകിട്ടി!

പ്രത്യേക അറിയിപ്പ്:
വായനക്കാരില്‍ ആരെങ്കിലും നെടുമങ്ങാട് പ്രദേശത്തുള്ളവരാണ് എങ്കില്‍ ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ഏരിയ സെക്രട്ടറിയുടെ പേരും വിലാസവും സംഘടിപ്പിയ്ക്കാന്‍ കഴിയുമെങ്കില്‍ കമന്റായി ചേര്‍ക്കുക. നാളെ ഈ മരണത്തിന്റെ നിജസ്ഥിതി പുറത്താകുന്ന ഒരു ദിനം വരികയും ടിയാന്‍ ആത്മഹത്യ ചെയ്തതാണ് എന്നതായിരുന്നു വസ്തുതയെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയും ഡി.വൈ.എഫ്.ഐ ആ നിഗമനം അംഗീകരിയ്ക്കുകയും ചെയ്താല്‍ ഇന്ന് ആചരിയ്ക്കപ്പെടുന്ന ഹര്‍ത്താലിനെ അദ്ദേഹം എങ്ങിനെ ന്യായീകരിയ്ക്കും എന്ന് അന്ന് നമ്മുക്ക് എഴുതി ചോദിയ്ക്കാം.

Tuesday, August 26, 2008

ഇന്നത്തെ ഹര്‍ത്താലാഘോഷം പേരാവൂരില്‍.

ഭൂമിമലയാളത്തിലെ ഇന്നത്തെ ഹര്‍ത്താലാഘോഷം കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ മേഖലിയില്‍ ആയിരുന്നു.

ഹര്‍ത്താല്‍ ഒറ്റ നോട്ടത്തില്‍.

പ്രഖ്യാപിച്ചത് :
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യാ (മാര്‍ക്സിസ്റ്റ്) അഥവാ സി.പി.എം.

കാരണം :
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലയിലെ ചാക്കോട്ട് ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്.

തീയതി :
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ആഗസ്റ്റ് മാസം ഇരുപത്തി അഞ്ച് തിങ്കളാഴ്ച.

ദൈര്‍ഘ്യം :
പതിവു പോലെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെ.

ജനജീവിതം സ്തംഭിച്ച മേഖല :
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, ചാവശ്ശേരി, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, കാക്കയങ്ങാട്, വിളക്കോട് പ്രദേശങ്ങള്‍.

ആവശ്യം :
പ്രഖ്യാപിച്ചവര്‍ പ്രത്യാകിച്ച് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കൊലപാതകത്തില്‍ പ്രതിഷേധിയ്ക്കുക എന്ന ഒറ്റവരി ആവശ്യമായിരിയ്ക്കാം ഹര്‍ത്താലിന് ഹേതു എന്നൂഹിയ്ക്കാം.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്നത് മനുഷ്യനല്ലല്ലോ. കൊലപാതകിയും മനുഷ്യനല്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ ഇങ്ങനെയല്ലേ:

പേരാവൂര്‍: എന്‍.ഡി.എഫ്. അക്രമണത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.
അതായത് കൊന്നത് മനുഷ്യനല്ല. എന്‍.ഡി.എഫ് പ്രവര്‍ത്തകനാണ്. കൊല്ലപ്പെട്ടതും മനുഷ്യനല്ല. സി.പി.എം. പ്രവര്‍ത്തകനാണ്. നേരേ മറിച്ച് വാഹനാപകടത്തില്‍ ഒരുവന്‍ കൊല്ലപ്പെട്ടാല്‍ വാര്‍ത്ത എങ്ങിനെയായിരിയ്ക്കും?

പേരാവൂര്‍: വാഹനങ്ങളുടെ മത്സര ഓട്ടത്തില്‍ നിയന്ത്രണം വിട്ട ശ്രീലക്ഷ്മി എന്ന ബസ്സ്, ബസ്സ് കാത്ത് നിന്നിരുന്ന ഉല്പലാക്ഷന്‍ (21) എന്ന യുവാവിനെ ഇടിച്ചു തെറിപ്പിച്ചു. ഉല്പലാക്ഷന്‍ തല്‍ക്ഷണം മരിച്ചു. ഇവിടെ കൊല്ലപ്പെട്ടത് മനുഷ്യനാണ്. പക്ഷേ രാഷ്ട്രീയ കൊലപാതകത്തില്‍ കൊല്ലപ്പെടുന്നതും കൊല ചെയ്യുന്നവനും മനുഷ്യനല്ല. രണ്ടു പ്രതീകങ്ങള്‍ മാത്രം.

അവര്‍ മനുഷ്യാരാകുന്നത് അവരുടെ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം. ബന്ധുക്കള്‍ക്ക് പരേതനെ അവസാനമായി ഒരു നോക്കു കാണാനുള്ള അവസരം കൂടിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഗതാഗത തടസ്സം ഉണ്ടാക്കുന്നവര്‍ മുടക്കുന്നത്.

അങ്ങിനെ നാലു ദിവസം കൊണ്ട് ഭൂമിമലയാളത്തില്‍ ആചരിയ്ക്കപ്പെട്ട ഹര്‍ത്താലുകളുടെ എണ്ണം മൂന്ന്.

Friday, August 22, 2008

ഇന്നത്തെ ഹര്‍ത്താല്‍ മഹാമഹം മണലൂരില്‍

ഹര്‍ത്താലിലേയ്ക്ക് മുതല്‍ കൂട്ടാനായി മറ്റൊരു ദിനം കൂടി. മണലൂര്‍ നിയോജക മണ്ഡലത്തിലാണ് ഇന്ന് ഹര്‍ത്താലാഘോഷം. എന്‍.ഡി.എഫ് എന്ന് അറിയപ്പെടുന്ന ഒരു സംഘടന വളരെ സമാധാനപരമായി വെട്ടികൊലപ്പെടുത്തിയ ബൈജു എന്ന ആര്‍.എസ്സ്.എസ്സ്. പ്രവര്‍ത്തകനാണ് ഇന്നത്തെ മണലൂര്‍ ഹര്‍ത്താലിന് ഹേതു.

ഹര്‍ത്താല്‍ ഒറ്റ നോട്ടത്തില്‍:

പ്രഖ്യാപിച്ചത്:
ബി.ജെ.പി, ആര്‍.എസ്സ്.എസ്സ്, ബി.എം.എസ്

തീയതി:
ക്രിസ്തുവിന് ശേഷം രണ്ടായിരത്തി എട്ടാം മാണ്ട് ആഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തീയതി വെള്ളിയാഴ്ച.

ദൈര്‍ഘ്യം:
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.

മണലൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം. നാളേയ്ക്കൊരു ഹര്‍ത്താലിന് കൂടി അവസരം ഒരുങ്ങികൊണ്ട് കബീര്‍, അലി എന്നിവര്‍ക്കും പാവറ‍ട്ടിയില്‍ വെട്ടേറ്റിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ നാളെ കൂടി മണലൂര്‍ നിവാസികള്‍ക്ക് ഹര്‍ത്താല്‍ ആഘോഷിയ്ക്കാം.

അങ്ങിനെ ഹാര്‍ത്താല്‍ ഗ്രൂപ്പ് ബ്ലോഗിലെ രണ്ടാം ഹര്‍ത്താല്‍ രണ്ടാം ദിനം തന്നെ അഘോഷിയ്ക്കപ്പെടുന്നു. കേരളം ഒന്നുകൂടി മനസ്സു വെച്ചാല്‍ എല്ലാ ദിനവും ഒരോ പോസ്റ്റ് ഉറപ്പിയ്ക്കാം.

ചേര്‍ത്ത് വായിയ്ക്കാം.
മലയാള മനോരമയിലെ വാര്‍ത്ത : ആര്‍.എസ്സ്.എസ്സ്. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.

Wednesday, August 20, 2008

അഖില ഭാരത കേരളാ പണിമുടക്ക്.

അഖില ഭാരത പണിമുടക്ക് കഴിയുന്നു. പണിമുടക്ക് ദേശീയാടിസ്ഥാനത്തില്‍ ആയിരുന്നു എങ്കിലും ജനജീവിതം സ്തംഭിച്ചത് കേരളത്തിലായിരുന്നു-പതിവു പോലെ. പണിമുടക്ക് ഹര്‍ത്താലായും ഹര്‍ത്താല്‍ ബന്ദായും പരിണമിയ്ക്കുന്ന കേരള ഹര്‍ത്താല്‍ ചരിത്രത്തിലേയ്ക്ക് തങ്കലിപികളാല്‍ എഴുതി ചേര്‍ക്കാവുന്ന ഒരു ദിനവും കൂടിയാണ് കടന്നു പോകുന്നത്.

രണ്ടായിരത്തി എട്ടില്‍ നടന്ന എണ്‍പത്തി രണ്ടാമത്തെ ഹര്‍ത്താലായിരുന്നു ദേശീയ പൊതുപണിമുടക്കിന്റെ രൂപത്തില്‍ കേരളത്തില്‍ ആഘോഷിയ്ക്കപ്പെട്ടത് എന്നതില്‍ നമ്മുക്ക് ആത്മാഭിമാനം കൊള്ളാം. ലോകത്ത് ആര്‍ക്ക് കഴിയും ഇങ്ങിനെയൊരു നേട്ടം ഉണ്ടാക്കിയെടുക്കാന്‍?

പണിമുടക്ക് ഒറ്റ നോട്ടത്തില്‍:

പ്രഖ്യാപിച്ചത്: ഇടതു പക്ഷ തൊഴിലാളി യൂണിയനുകളുടെ സ്പോണ്‍സറിങ്ങ് കമ്മിറ്റി.

തീയതി: ക്രിസ്തുവിന് ശേഷം രണ്ടായിരാം മാണ്ട് ആഗസ്റ്റ് മാസം ഇരുപതാം തീയതി ബുധനാഴ്ച.

ദൈര്‍ഘ്യം:
ഇരുപത്തി നാലു മണിയ്ക്കൂര്‍.

പണിമുടക്ക് വിജയിപ്പിയ്ക്കാന്‍ വിയര്‍പ്പൊഴുക്കിയ പാര്‍ട്ടികള്‍‍:
സി.ഐ.ടി.യു., എ.ഐ.ടി.യു.സി., എച്ച്.എം.എസ്.,യു.ടി.യു.സി., കെ.ടി.യു.സി(ജെ),ഐ.എഫ്.ടി.യു

നേതാക്കന്മാര്‍: കാനം രാജേന്ദ്രനും എം.എം. ലോറന്‍സും. (തന്നേന്ന്...രണ്ടെണ്ണവും കേരളത്തീന്ന് തന്നെ.)

നേടിയെടുക്കാനുള്ള അവകാശങ്ങള്‍:
1. വിലക്കയറ്റം തടയുക.
2. ഇന്ധന പൂഴ്ത്തിവെയ്പ്പ് തടയുക.
3. തൊഴില്‍ നിയമ ലംഘനം അവസാനിപ്പിയ്ക്കുക.
4. അസംഘടിത തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുക.
5. പ്രോവിഡം ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കാതിരിയ്ക്കുക.

പണിമുടക്ക് ദിനത്തില്‍ നേടിയവ:
1. കേരളം നിശ്ചലം. (ഭാ‍രതത്തെ കുറിച്ച് ചോദിയ്ക്കരുത്)
2. തീവണ്ടി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.
3. ബസ്സ് സര്‍വ്വീസ് തടയപ്പെട്ടു.
4. വ്യാപാരമേഖല അടയ്ക്കപ്പെട്ടു.
5. വ്യവസായ മേഖല പൂട്ടപ്പെട്ടു.
6. തൊഴില്‍ മേഖല നിശ്ചലം.
7. സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍ക്കാര്‍ തന്നെ വേണ്ടെന്നു വച്ചു.
8. ഐ.ടി. മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണ്ണം. (യാഹൂ,ഗൂഗിള്‍ എന്നിവ അതിര്‍ത്തി കടന്ന് വന്നതേയില്ല.)
9. ബാങ്കുകള്‍ അടപ്പിച്ചു.
10. സെക്രട്ടറിയേറ്റില്‍ ആരേയും കയറ്റിയില്ല.
11. കളക്ട്രേറ്റുകള്‍ പൂട്ടിയിട്ടു.

പണിമുടക്ക് കഴിയുന്നതോടെ നേടിയെടുക്കേണ്ടവ അഥവാ വിജയിച്ച പണിമുടക്കില്‍ നാളെ മുതല്‍ ലഭ്യമാകേണ്ടവ:
1. വിലകയറ്റം നാളെ മുതല്‍ വിലയിറക്കമായി മാറും.
2. പൂഴ്ത്തിവെയ്ക്കപ്പെട്ട ഇന്ധനം നാളെ മുതല്‍ പുഴയാഴൊഴുകും.
3. എല്ലാ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും ഇന്ന് രാത്രിയോടെ പരിഹാരമാകും.
4. അസംഘടിത തൊഴിലാളികള്‍ ഇന്നുമുതല്‍ സംഘടിയ്ക്കുകയാല്‍ നാളെ മുതല്‍ അവരുടെ തൊഴിലുകള്‍ സുരക്ഷിതമാകും.
5. പ്രോവിഡം ഫണ്ട് ഇന്നിമുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കപ്പെടില്ല.

വിജയിച്ച പണിമുടക്കിനാല്‍ മേപ്പടി കാര്യങ്ങള്‍ നാളെ മുതല്‍ സംഭവിയ്ക്കണം. അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളീല്‍ സംഭവിയ്ക്കണം. സംഭവിച്ചോ ഇല്ലയോ എന്ന് അടുത്ത മാസത്തോടെ നമ്മുക്ക് കാനം രാജേന്ദ്രനോടും എം.എം. ലോറന്‍സിനോടും കത്തെഴുതി ചോദിയ്ക്കാം. അവരുടെ വിലാസം ഇപ്പോള്‍ ലഭ്യമല്ല. അത് ലഭ്യമാക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ കമന്റായി ചേര്‍ക്കാന്‍ താല്പര്യപ്പെടുന്നു.

പണിമുടക്കിന്റെ വിജയ പ്രഖ്യാപനം ഇവിടെ

ബാക്കി പത്രം.
1. കേരളത്തിലെ ഒരു ദിവസത്തെ ഹര്‍ത്താലിന്റെ വില എഴുന്നൂറ് കോടി രൂപാ മാത്രം.

2. പതിവു പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടിയുടെ പൂരം.

3. വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞവനെ സഹപ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചു. ഉടുതുണി ഉരിഞ്ഞും പോയി.

4. പൊതുജനം വലഞ്ഞാലെന്ത്. നാടു ഭരിയ്ക്കുന്നവര്‍ക്ക് യാത്ര സുഖം സുഖകരം.

5. മകന്‍ നഷ്ടപ്പെട്ട അമ്മ മകന്റെയടുത്തെത്താന്‍ കഴിയാതെ തളര്‍ന്നവശയായി റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരുന്നു പോലും ഹര്‍ത്താല്‍ വിജയിപ്പിച്ചു.

6. കുട്ടി മരിയ്ക്കുമെന്ന് കരുതിയല്ല പണിമുടക്ക് പ്രഖ്യാപിച്ചത് : നേതാവ് എം.എം.ലോറന്‍സിന്റെ വെളിപ്പെടുത്തല്‍!

7. കൊച്ച് ചത്തതിന് ഞങ്ങളെന്നാ വേണം. ദേശാഭിമാനിയുടെ ന്യായം.

8. ശ്രീധരന്‍ നായരുടെ മൂക്ക് ഹര്‍ത്താലിന് നേര്‍ച്ചയാക്കി.

9. ഹര്‍ത്താല്‍ വിജയിപ്പിച്ചവര്‍ക്ക് കാനം രാജേന്ദ്രന്റെ നന്ദി

10. താക്കീത്. നാം നന്നാവൂല്ലാന്ന് തന്നേന്ന്!

ചേര്‍ത്ത് വയ്ക്കാം:
1. സുധീര്‍ കുമാറിന്റെ കാര്‍ട്ടൂണ്‍
2. മലയാള മനോരമയുടെ മുഖപ്രസംഗം പണിമുടക്കിന്റെ പേരില്‍ ഭീകരത.
3. മാതൃഭൂമി വാര്‍ത്ത. ജനദ്രോഹം
4. പ്രബുദ്ധ കേരളം പെരുവഴിയില്‍.ചിത്രങ്ങളിലൂടെ.
5. മാതൃഭൂമിയുടെ മുഖപ്രസംഗം അഖിലേന്‍ഡ്യാ എന്ന പേരില്‍ ഒരു സ്തംഭനം കൂടി
6. രോഷന്‍ സാം അലക്സ് എഴുതുന്നു Purely Coincidental.
7.കുട്ടു വിന്റെ ബ്ലോഗിലെ ദൈന്യം.
8. ഹരി പറയുന്നു ഹര്‍ത്താല്‍ നമ്മള്‍ വെറുത്താല്‍
9. സായന്തനം സഹികെട്ട് വിളിയ്ക്കുന്ന നല്ല തെറി നായിന്റെ മക്കള്‍ ...ഹര്‍ത്താലുകാര്‍
10. ബിപിന്‍ കെ.ദാസ് പറയുന്നു ഒരമ്മയുടെ കണ്ണീരും ആഗോള വത്ക്കരണവും
11. ജനയുഗത്തിന്റെ ഹര്‍ത്താല്‍ വിജയ സന്ദേശം ഭരണാധികാരികള്‍ക്ക് താക്കീതായ പണിമുടക്ക്

ഇന്നി ഫോര്‍വേഡായി കിട്ടിയ ഒരു മെസ്സേജില്‍ നിന്നുള്ള ഹര്‍ത്താലാഘോഷ ചിത്രങ്ങളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം. (ഫോര്‍വേഡായി കിട്ടിയതാണ്. ഇതിന്റെ യഥാര്‍ത്ഥ ഉടമ എസ്. ജയചന്ദ്രന്‍ ആണെന്നാണ് ഫോട്ടോയില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇവിടെ ഈ ഫോട്ടോകള്‍ പ്രസിദ്ധീകരിയ്ക്കുന്നത്. ഉടമയ്ക്ക് പരാതിയുണ്ടെങ്കില്‍ പിന്‍‌വലിയ്ക്കാം. പൂര്‍ണ്ണമായും ഈ ഫോട്ടോകള്‍ എസ്.ജയചന്ദ്രന് കടപ്പെട്ടിരിയ്ക്കുന്നു.)


ഇരകളെ തേടി ഹര്‍ത്താല്‍ സമരസഖാക്കളുടെ മാര്‍ച്ച് പാസ്റ്റ്.


ഹര്‍ത്താല്‍ ദിനത്തിലെ സമാധാന പരമായ കല്ലെറിയല്‍ മഹാമഹം.


ഓടുന്ന വണ്ടി തടഞ്ഞ് നിര്‍ത്തി കാറ്റൂരി വിടുന്നതെങ്ങിനെ ഹര്‍ത്താലിലെ അക്രമമാകും?


ഹര്‍ത്താല്‍ സമാധാനപരം. ഇദ്ദാണ് തികച്ചും സമാധാനപരം.

അങ്ങിനെ ഹര്‍ത്താല്‍ എന്ന ഗ്രൂപ്പ് ബ്ലോഗിലെ ആദ്യത്തെ ഹര്‍ത്താലാഘോഷം അവസാനിയ്ക്കുന്നു.
ശുഭം!

Tuesday, August 19, 2008

ഹര്‍ ത്താല്‍ - ഹാജര്‍ ബുക്ക്-

1
January 16, 2008
Kozhikode
Town Bus Stand Janakeeya Samiti
Protest against the traffic reforms in the town.

2
January 27, 2008
Thalassery,KANNUR
CPI(M)
Protest against the killing of a CPI(M) activist .

3
January 28, 2008
Vavakkad
BJP
Protest against the attack on three BJP activists at Vavakkad,Vadakkekka ra panchayat in the midnight.

4
January 30, 2008
Kollam
UDF & LDF
A mark of respect to RSP leader Baby John who passed away.

5
February 4, 2008
Chittur
Janata Dal(S)

6
February 6, 2008
Aluva

To condemn the attack on the MLA and others .

7
February 6, 2008
Palakkad
BJP
To Protest the arrest of some party workers under the 'Goondas Act'.

8
February 13, 2008
Kodakara
BJP
To Protest against the clash on Feb 12 between BJP and CPM in the area.

9
February 14, 2008
Venmony,Chengannur
BJP
To Protest the setting ablaze of a local BJP leader's house by CPI(M) activists early morning.

10
February 15, 2008
Chengannur
BJP
To Protest against the attack on the residence of BJP leader Shivan Pillai at Venmony .

11
February 19, 2008
Thiruvananthapuram
UDF
To Protest against what it termed the failure of the LDF government to address five major issues that directly affected the common man beyond the realm of politics.

12
February 20, 2008
Bharanikavu, Alappuzha
Traders Union
To Protest against attack on shops during the UDF harthal on Feb 19.

13
February 21, 2008
Choondal,Thrissur
Congress
To Protest against the violence following the by election in the area.

14
February 21, 2008
Chalakudy, Thrissur
BJP
To Protest against the attack on a BJP activist in the Chalakudy constituency.

15
February 22, 2008
Kottayi, PALAKKAD
Kottayi mandalam Congress committee
To Protest against the attack on two Congress activists by alleged BJP activists.

16
February 23, 2008
Kozhikode & Thrissur
Kerala Vyapari Vyavasayi Ekopana Samithi
For demanding that local bodies should not issue licences to retail giants who operate as monopolist traders.

17
February 25, 2008
Kumarapuram
Local traders and residents
To protest against the gangland violence.

18
February 28, 2008
Cherpu, Thrissur
BJP
To protest against the attack on a local BJP activist and leader.

19
March 6, 2008
Kannur & Mahe
BJP and RSS
To protest against the violence which resulted in the death of two RSS activists and one CPM worker in the Thalassery,Koothupa ramba areas of Kannur dist.

20
March 10, 2008
Punnapra
BJP
To protest against the attack on the BJP committee office in Paravur.

21
March 11, 2008
Vadavathur
Residents of Vadavathur
Protesting against the negligence shown in removing garbage piled up in the area.

22
March 19, 2008
Engandiyur and Vadanappilly, Thrissur
CPI(M)
To protest against the death of a DYFI activist who was assaulted by suspected RSS workers.

23
March 23, 2008
Enadimangalam , Pathanamthita
The temple advisory committee
Adoor Assistant Superintendent of Police assaulted Poothamkara Dharma Sastha Temple committee members who approached him to enquire about the manhandling of traders on the temple premises .

24
March 28, 2008
Kothamangalam
Congress
The incident of a lorry ramming into the Congress rally.

25
March 28, 2008
Mannar
CPI(M)
A mark of respect to the two schoolchildren who died after the compound wall collapsed on them at Kuttamperoor Vidyapradayini UP School at Mannar..

26
March 28, 2008
Kasaragod
UDF
To protest against the killing of Congress leader T. Balakrishnan at Kundar, Karadukka.

27
March 29, 2008
Kuttanad , Alappuzha
BJP
To protesting against alleged govt failure in preventing the suicide death of a grief stricken farmer,in the wake of the recent paddy crisis.

28
April 1, 2008
Kozhikode
Kerala Vyapari Vyavasayi Ekopana Samithy .
To protest against the value-added tax (VAT), besides the proposed Kerala Buildings Lease Bill 2002, the hike in power tariffs and PFA licence fee.

29
April 2, 2008
Vallikodu,Aranmula
CPM local committees of Vallikodu gramapanchayath and Aranmula
To the demise of poet Kadammanitta Ramakrishnan.

30
April 7, 2008
Thiruvananthapuram
Kerala Ration Dealers Association
To protest against the Centre's decision to slash 4000 tonnes from the rice quota to the state.

31
April 15, 2008
Kasargod
BJP and Sangh Parivar associations
To protest against the killing of BJP activist Sandeep at Kasargod.

32
April 18, 2008
Kasargod
Sangh Parivar
To protest against the killing of BMS district vice president P.Suhas at Kasargod.

33
May 2, 2008
All Kerala
BJP
To protest against the spiralling hike in prices of essential commodities.

34
May 5, 2008
Thalassery,Kannur
Bharatiya Janata Party (BJP)
To protest against the arrest of the three BJP and Rashtriya Swayamsevak Sangh (RSS) activists on Saturday in connection with the murder of Communist Party of India (Marxist) activist K.P. Jijesh.

35
May 9, 2008
Chittur
Bharatiya Janata Party (BJP)
To protest against the murder of their activist Suresh.

36
May 25, 2008
Kozhikode
CongressParty (BJP)
To protest against the torching of a Congress office here on Saturday night.

37
May 26, 2008
Kozhikode

To protest against the attempts by a group of people to set on fire the local IUML office, Bafaky Bhavan, on Sunday night.

38
May 29, 2008
Meyppayur,Nadapuram
UDF
To protest against the attack on Youth Congress activists by the Democratic Youth Federation of India (DYFI) at Kakkattil on Wednesday.

39
May 31, 2008
Thriprayar,Thrissur
BJP,RSS, VHP and the Kshetra Samrakshana Samithy
Following a burglary incident at Thriprayar temple the previous night.

40
June 2, 2008
Kottayam
Kerala Vyapari Vayvasayi Ekopana Samithy
To protest against what they termed the unilateral action of the municipal authorities in demolishing shops along General Post Office Road in connection with the road widening project in the area.

41
June 4, 2008
Udumbanchola
BJP
To protest against the attack on Udumbanchola constituent assembly president C.Radhakrishnan at Third Camp.

42
June 4, 2008
Kattappana
UDF
To protest against the violent incidents which happened in Kattappana ..

43
June 5, 2008
All kerala
LDF & BJP
To protest against the central price hike in oil and diesel.

44
June 12, 2008
Kalamassery , Kochi
Kerala Vyapari Vyavasayi Ekopana Samithi
Following an incident wherein the police attacked the public including the Corporation Councillor for having allegedly blocked the dumping of waste from Cochin Corporation in the dumping yards of Kalamassery Corporation.

45
June 13, 2008
Idakkochi
Scheduled Castes/Tribes Joint Association
To protest against the attack on a harijan Youth and his family.

46
June 18, 2008
Mavelikara
UDF
To protest against the police lathicharge on KSU activists in Thiruvananthapuram.

47
June 20, 2008
Thrissur
Congress
Following an incident wherein the KSU activists,on a Collectorate march were lathicharged by the Police in Thrissur district

48
June 20, 2008
Neyyattinkara, Trivandrum
KSU
Protesting against the police lathi charge on KSU workers who reached Neyyattinkara to stage a demonstration.

49
June 21, 2008
Aluva
Congress
Following the violent incidents that took place during the education band.

50
June 21, 2008
Kottarakkara
Union
Protesting against the attacks made by the Police on KSU activists.

51
June 23, 2008
Peermedu,Idukki
CPI
The alleged attack on CPI leaders by the CPIM at Vandiperiyar .

52
June 27, 2008
Thiruvananthapuram
BJP
To protest against the alleged attack on party activists by the police and the CPI(M).

53
June 30, 2008
Idukki
UDF
Following widespread violence between CPI(M) and UDF activists in connection with the election to the director board of Kattappana Service Cooperative Bank

54
July 2, 2008
Pathanapuram&Punaloor
CPI,Congress


എന്റെ പ്രതിഷേധം --ന്യൂ ഇന്‍ ഡ്യന്‍ എക്സ്പ്രസ്സില്‍ ...

Friday, August 15, 2008

ഹര്‍ത്താലിന്റെ നാള്‍വഴികളിലൂടെ..

പ്രിയ ചങ്ങാതിമാരേ,
ഹര്‍ത്താല്‍ ഒരു പുതിയ ഗ്രൂപ്പ് ബ്ലോഗാണ്. ഒരാള്‍ വിചാരിച്ചാല്‍ ഒരു നാട്ടിനെ നിശ്ചലമാക്കാന്‍ കഴിയുന്ന പോലെ ഇവിടെ ഹര്‍ത്താല്‍ എന്ന ഗ്രൂപ്പ് ബ്ലോഗും യാതൊരു ചര്‍ച്ചയും കൂടാതെ ഒരാള്‍ മാത്രമായി തുടങ്ങി വെയ്ക്കുകയാണ്. എന്നാല്‍ ഹര്‍ത്താലില്‍ ഒരു തവണയെങ്കിലും പെട്ടു പോയ ആര്‍ക്കും ഈ ഗ്രൂപ്പ് ബ്ലോഗിലേയ്ക്ക് ചേരാം. ഹര്‍ത്താലുകള്‍ അഘോഷമാക്കുന്നവര്‍ക്കും സ്വാഗതം.

ഉദ്ദേശ്യം:
കേരളത്തില്‍ അടിയ്ക്കടി പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകളുകടെ ഒരു നാള്‍വഴിയാണ് ഈ ബ്ലോഗ് ഉദ്ദേശ്യം വെയ്ക്കുന്നത്. കേരളത്തില്‍ എവിടെ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചാലും അത് ഈ ബ്ലോഗില്‍ രേഖപ്പെടുത്തിയിരിയ്ക്കും. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ പ്രഖ്യാപിയ്ക്കുന്ന ഹര്‍ത്താലുകളും പണിമുടക്കുകളുമാണ് ഇവിടെ രേഖപ്പെടുത്തപ്പെടുന്നത്. ദേശീയ തലത്തില്‍ പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും ബന്ദുകളും കേരളത്തെ ബാധിയ്ക്കുന്ന പോലെ മറ്റൊരു സംസ്ഥാനത്തും ബാധിയ്ക്കുന്നില്ല എന്നതു കൊണ്ട് ദേശീയ തലത്തില്‍ പ്രഖ്യാപിയ്ക്കുന്ന ഹര്‍ത്താലുകളും ഇവിടെ ചേര്‍ക്കപ്പെടാം.

ലക്ഷ്യം:
കേരളത്തിലെ ഹര്‍ത്താലുകള്‍ക്ക് എന്തെങ്കിലും ലക്ഷ്യം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷേ ഹര്‍ത്താല്‍ എന്ന ഈ ഗ്രൂപ്പ് ബ്ലോഗിന് ക്രിയാത്മകമായ ഒരു ലക്ഷ്യമുണ്ട്.

പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകള്‍ മുന്നോട്ട് വെയ്ക്കുന്ന വിഷയങ്ങള്‍ക്ക് ഹര്‍ത്താലാനന്തരം എന്ത് സംഭവിച്ചു എന്ന ചര്‍ച്ചയാണ് നാം ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. ഇതൊരു തുടര്‍ ചര്‍ച്ചയായിരിയ്ക്കും. ഹര്‍ത്താലുകളുടെ ലക്ഷ്യമില്ലായ്മകളെ തുറന്ന് കാട്ടാന്‍ ഇങ്ങിനെയുള്ള തുറന്ന തുടര്‍ ചര്‍ച്ചകള്‍ക്ക് ബ്ലോഗ് എന്ന മാധ്യമം തരുന്ന സ്വാതന്ത്ര്യവും സൌകര്യവും ഉപയോഗപ്പെടുത്താന്‍ നമ്മുക്ക് കഴിയും.

ഈ ബ്ലോഗ് ഇന്ന് എന്തെങ്കിലും ചലനം സമൂഹത്തില്‍ ഉണ്ടാക്കുമെന്ന് നമ്മുക്ക് കരുതുക വയ്യ. പക്ഷേ നാളെ, കേരളത്തില്‍ ഉണ്ടായിട്ടുള്ള ഹര്‍ത്താലുകളുടെ ചരിത്രം ചികഞ്ഞ് പോകുന്ന ഒരുവന് നാം നഷ്ടപ്പെടുത്തിയ ദിനങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടത്തിന് ഈ ബ്ലോഗ് കാരണമാകാം. എല്ലാവരുടെയും നിസ്സീമമായ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഇങ്ങിനെയൊരു ഉദ്യമം വിജയത്തിലെത്തുള്ളു. ഈ ബ്ലോഗിന്റെ ഉടമസ്ഥാവകാശം എങ്ങിനെ വേണം എന്നുള്ളതിനും തുറന്ന ചര്‍ച്ച ക്ഷണിയ്ക്കുന്നു.

പ്രവര്‍ത്തന രീതി:
വളരെ ലളിതമായാണ് ഹര്‍ത്താല്‍ എന്ന ഗ്രൂപ്പ് ബ്ലോഗ് പ്രവര്‍ത്തിയ്ക്കുക. ഹര്‍ത്താലുകള്‍,പണിമുടക്കുകള്‍,പഠിപ്പുമുടക്കുകള്‍,ബന്ദുകള്‍ തുടങ്ങിയ ആഘോഷങ്ങള്‍ കേരളത്തിന്റെ ഏത് കോണില്‍ നടന്നാലും എന്നെന്നെത്തേയ്ക്കുമായി ഇവിടെ ശേഖരിയ്ക്കപ്പെടണം. അതൊരു ഭഗീരഥപ്രയത്നമാണ്. ഇന്ന് മലയാളത്തില്‍ ബ്ലൊഗെഴുതുന്ന എല്ലാവരും കൂടി വിചാരിച്ചാലും കേരളത്തില്‍ പ്രഖ്യാപിയ്ക്കുന്ന പണിമുടക്കുകളെ ക്രോഡീകരിയ്ക്കാന്‍ കഴിയില്ല. എങ്കിലും കഴിയുന്നത്ര പണിമുടക്കുകളെ നമ്മുക്കിവിടെ ഉപ്പിലിട്ട് വെയ്ക്കാം - ഒരു നാടിനെ നാം ഇന്ന് എങ്ങിനെ നശിപ്പിച്ചു എന്ന് നാളത്തെ തലമുറയ്ക്ക് കാട്ടികൊടുക്കാനായി.

ഒരു ഹര്‍ത്താല്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു പോസ്റ്റിടുക. ദേ ഇങ്ങിനെ:

അവനവന്‍ ചേരിയില്‍ ഹര്‍ത്താല്‍:
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ അവനവന്‍ ചേരി എന്ന സ്ഥലത്ത് നാളെ അഖില ഭാരതീയ അവനവന്‍ ചേരി ബ്ലോഗെഴുത്ത് യൂണിയന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അവനവന്‍ ചേരി പഞ്ചായത്ത് പ്രസിഡന്റിന് അഖില ഭാരതീയ അവനവന്‍ ചേരി ബ്ലോഗെഴുത്ത് യൂണിയന് വേണ്ടി ദേശീയ പ്രസിഡന്റ് ഉല്പലാക്ഷന്‍ മൂന്നിന അവകാശ പത്രിക സമര്‍പ്പിച്ചു. അവകാശങ്ങള്‍ താഴെ പറയുന്നു:
1. ബ്ലോഗെഴുത്ത് കാരുടെ തറവില അമ്പത് പൈസ കണ്ട് വര്‍ദ്ധിപ്പിയ്ക്കുക.
2. ബ്ലോഗെഴുത്ത്കാര്‍ക്ക് അവനവന്‍ ചേരി പഞ്ചായത്തില്‍ അമ്പത് ശതമാനം ജോലി സംവരണം ഉടന്‍ നടപ്പാക്കുക.
3. ബ്ലോഗെഴുത്ത്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക.
രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.

ഇത്രയുമാണ് പോസ്റ്റില്‍ ഉണ്ടായിരിയ്ക്കേണ്ടുന്നത്. തുടര്‍ന്ന് വരുന്ന ദിനങ്ങളില്‍ അവനവന്‍ ചേരി പഞ്ചായത്ത് ഈ ഹര്‍ത്താലിനുമേല്‍ എന്ത് നടപടി എടുത്ത് എന്ന് തിരക്കി അറിയുവാന്‍ അഖില ഭാരതീയ അവനവന്‍ ചേരി ബ്ലൊഗെഴുത്ത് യൂണിയന്‍ മിനക്കെടില്ല എങ്കിലും നാം അതിന്റെ ഫലം എന്തായിരുന്നു എന്ന് കണ്ടെത്തണം. ഒരു നിശ്ചിത ദിനത്തിനുള്ളില്‍ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലാ എങ്കില്‍ യൂണിയനോട് നാം ഇക്കാര്യത്തെ കുറിച്ച് രേഖാമൂലം വിശദീകരണം ആവശ്യപ്പെടണം.

അതിങ്ങനെയാകാം:
ബഹുമാനപ്പെട്ട അവനവന്‍ ചേരി ബ്ലോഗെഴുത്ത് യൂണിയന്‍ പ്രസിഡന്റ് ഉല്പലാക്ഷന്‍ അവര്‍കള്‍ അറിയുന്നതിന്,
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുന്നേ അതായത് രണ്ടായിരത്തി എട്ട് ആഗസ്റ്റ് പതിനഞ്ചാം തീയതി താങ്കളുടെ യൂണിയന്‍ അവനവന്‍ ചേരി പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താല്‍ ഫലം കണ്ടോ? താങ്കളുടെ യൂണിയന്‍ പഞ്ചായത്തിന് സമര്‍പ്പിച്ച മൂന്നിന അവകാശ പത്രിക അവനവന്‍ ചേരി പഞ്ചായത്ത് അംഗീകരിച്ചുവോ? അംഗീകരിച്ചില്ലാ എങ്കില്‍ ആ അവകാശങ്ങളുടേ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

ഇതേകുറിച്ചുള്ള വിശദമായ ഒരു മറുപടി അന്നേ ദിവസം ഹര്‍ത്താലിന്റെ പിടിയില്‍ പെട്ട ഒരു സാധാരണ പൌരന്‍ എന്ന നിലയ്ക്ക് ഞാന്‍ താങ്കളില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നു.

നന്ദി,
വിനീത വിധേയന്‍.

ആറുമണിയ്ക്ക് ജനിച്ച് ആറുമണിയ്ക്ക് അവസാനിയ്ക്കുന്ന ഹര്‍ത്താലുകള്‍ക്ക് ഈ പ്രകൃയയിലൂടെ നമ്മുക്ക് പുനര്‍ ജീവന്‍ കൊടുക്കാന്‍ പറ്റുമെന്നതില്‍ യാതൊരു സംശയവും വേണ്ട. തുടര്‍ ചര്‍ച്ചകള്‍ എന്നാല്‍ ഈ ഗ്രൂപ്പ് ബ്ലോഗില്‍ ഉള്‍പ്പെടുന്ന എല്ലാവരും ഹര്‍ത്താല്‍ പ്രഖ്യാപിയ്ക്കുന്ന പാര്‍ട്ടീ നേതാക്കന്മാര്‍ക്ക് കത്ത് അയയ്ക്കുക എന്നതിനും പുറമേ ആ കത്തുകള്‍ ഈ ബ്ലോഗില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കുകയും ചെയ്യുക എന്നതാണ്. കഴിയുമെങ്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിയ്ക്കുന്ന നേതാക്കന്മാരോട് ജീമെയില്‍ അക്കൌണ്ട് ഓപ്പണ്‍ ആക്കാന്‍ അപേക്ഷിക്കുകയും അതിന് അവരെ സഹായിയ്ക്കുകയും വേണം. തപാലിലൂടെ കത്ത് അയയ്ക്കന്നതിനേക്കാള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുവാന്‍ നെറ്റിന്റെ സൌകര്യം ഉപയോഗിയ്ക്കുന്നത് നല്ലതായിരിയ്ക്കുമല്ലോ?

ഒരു ദിനം കൊണ്ട് മരണപ്പെടേണ്ടവയല്ല മനുഷ്യന്റെ ഒരു ദിവസത്തെ ജീവിതം നിശ്ചലമാക്കുന്ന ഹര്‍ത്താല്‍. പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകള്‍ എന്നെന്നത്തേയ്ക്കുമായി സൂക്ഷിച്ചു വെയ്ക്കപ്പെടണം. ഹര്‍ത്താലുകള്‍ മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യങ്ങള്‍ സാധൂകരിയ്ക്കപ്പെടുന്നുണ്ടോ എന്ന ജാഗ്രത ഹര്‍ത്താലുകള്‍ പ്രഖ്യാപിയ്ക്കന്നവര്‍ക്കില്ല. പക്ഷേ അത് അനുഭവിയ്ക്കുന്നവര്‍ക്ക് ഉണ്ടാകണം. അതിന് തുടക്കമാകാന്‍ ഈ ഗ്രൂപ്പ് ബ്ലോഗിന് കഴിയുമെന്ന് കരുതുന്നു.

കഴിയുന്നത്ര ഐഡികളിലേയ്ക്ക് ഹര്‍ത്താല്‍ നോട്ടിസ് എത്തിയ്ക്കുന്നു. ഏവരും കൈപ്പറ്റണമെന്നും ഈ ഗ്രൂപ്പ് ബ്ലോഗിലേയ്ക്ക് വന്ന് ഹര്‍ത്താല്‍ ഒരു വന്‍ വിജയമാക്കണമെന്നും താഴ്മയായി അപേക്ഷിയ്ക്കുന്നു. ഹര്‍ത്താലിന്റെ നോട്ടിസ് കിട്ടാത്തവര്‍ അവരുടെ വിലാസം കമന്റായി ചേര്‍ത്താല്‍ ഹര്‍ത്താലില്‍ അവരേയും ഉള്‍പ്പെടുത്തുന്നതാണ്. ആദ്യ വട്ട ചര്‍ച്ചയ്ക്ക് ശേഷം ബ്ലോഗിന്റെ നിയന്ത്രണാവകാശം എങ്ങിനെ വേണമെന്ന് നമ്മുക്ക് ഒരു പൊതു ചര്‍ച്ചയിലൂടെ തീരുമാനിയ്ക്കാം.

ഏവരുടേയും സഹകരണവും സഹായവും പ്രതീക്ഷിച്ചു കൊണ്ട് ഹര്‍ത്താല്‍ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ് ബൂലോഗ സമക്ഷം സമര്‍പ്പിയ്ക്കുന്നു.

ഏവര്‍ക്കും ഹര്‍ത്താലാശംസകള്‍...
നന്ദി.