Wednesday, October 22, 2008

തിരുവനന്തപുരത്ത് സംയുക്ത ഹര്‍ത്താല്‍

ഹൈക്കോടതി ബഞ്ച് സ്ഥാപിച്ചു കിട്ടുന്നതിനായിട്ടാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ആഘോഷിച്ചത്. ഹര്‍ത്താലിനെതിരേ ശക്തമായ നിലപാടെടുക്കുന്ന കേരളാ ഹൈക്കോടതിയ്ക്ക് വേണ്ടി ഹര്‍ത്താലാചരിച്ച ദിനം എന്ന വൈരുദ്ധ്യത്തിനാണ് സാക്ഷര കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്.

ഹര്‍ത്താല്‍ ഒറ്റ നോട്ടത്തില്‍:


പ്രഖ്യാപിച്ചത്:
അഭിഭാഷക സംയുക്ത സമരസമിതി.

തീയതി:
കൃസ്താ‍ബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം ഇരുപത്തി ഒന്ന് ചൊവ്വാഴ്ച.

ബാധിത പ്രദേശം:
തിരുവനന്തപുരം ജില്ല.

അനന്തരം:
കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പതിമൂന്നെണ്ണത്തിന്റെ ചില്ലുകള്‍ മാറ്റി വെയ്ക്കാം. കുടിവെള്ള ടാങ്കല്‍ ലോറിയൊന്ന് കല്ലേറിനാല്‍ തകര്‍ന്നു. ബസ്സുജീവനക്കാരഞ്ചു പേരാശുപത്രിയില്‍. ഓട്ടോ റിക്ഷാകള്‍ പലതു തകര്‍ന്നു. സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി വെച്ചു. സ്കൂളുകള്‍ക്ക് അവധി കൊടുത്തു.

ഹൈക്കോടതി ബെഞ്ച് വേണമെന്ന് സര്‍ക്കാര്‍, ഭരണ പക്ഷം, പ്രതിപക്ഷം, പിന്നെ സര്‍വ്വ പക്ഷവും. പിന്നെന്താണ് ഇങ്ങിനെയൊരു ബെഞ്ചിന് തടസ്സം? ഹര്‍ത്താലിലും എല്ലാ പക്ഷവും ഉണ്ടായിരുന്നു.

എല്‍.ഡി.എഫ്, യൂ.ഡി.എഫ്, ബി.ജെ.പി.

ഇങ്ങിനെ എല്ലാവരും കൂടി ചേര്‍ന്ന് സമരം നടത്തിയിട്ടും എന്തേ ഹൈക്കോടതി ബെഞ്ച് വരുന്നില്ല? കാരണം മറ്റൊന്നുമല്ല. സമരം നടത്താന്‍ കല്ലെറിയാന്‍ കരിയൊഴിയ്ക്കാന്‍ എന്നാത്തിനാ ഇന്നി ഒരു സ്ഥാ‍പനം കൂടി തിരുവനന്തപുരത്ത്?