Showing posts with label ആര്‍.എസ്സ്.എസ്സ്. Show all posts
Showing posts with label ആര്‍.എസ്സ്.എസ്സ്. Show all posts

Sunday, October 12, 2008

തലശ്ശേരി താലൂക്കില്‍ ഹര്‍ത്താല്‍ മഹാമഹം.

ഹര്‍ത്താലുകള്‍ ആഘോഷമാക്കപ്പെട്ടിരിയ്ക്കുന്ന നമ്മുടെ നാട്ടില്‍ കുറഞ്ഞൊരിടവേളയ്ക്ക് ശേഷം വീണ്ടും ഹര്‍ത്താല്‍. ആര്‍.എസ്.എസ്. ബോംബാണെങ്കിലും സി.പി.എം. ബോംബാണെങ്കിലും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ കോമത്ത് പാറ കലിഗാ നിവാസില്‍ സി.കെ. അനൂപ് എന്ന ഇരുപത്തൊന്നു കാരന്‍ അവന്റെ വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ടിരിയ്ക്കുന്നു എന്നത് മാത്രം സത്യം. കണ്ണൂരിലെ സമാധാനപരമായ കൊലപാതകങ്ങളുടെ ഏടുകളിലേയ്ക്ക് ഒരു ചെറുപ്പക്കാ‍രന്റെ പേരു കൂടി ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്നു.

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍.

പ്രഖ്യാപിച്ചത്:
ഭാരതീയ ജനതാപാര്‍ട്ടിയും സംഘപരിവാര്‍ സംഘടനകളും സംയുക്തമായി.

ബാധിയ്ക്കപ്പെടുന്ന പ്രദേശം:
തലശ്ശേരി താലൂക്ക്.

ഹര്‍ത്താലാചരണ തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി ശനിയാഴ്ച.

ദൈര്‍ഘ്യം:
ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് സൌകര്യപ്പെടുന്നിടം വരെ.

കാരണം:
ആര്‍.എസ്.എസ് ഘഠക് പ്രമുഖ് കോമത്ത് പാറ കലിഗാ നിവാസില്‍ സി.കെ. അനൂപ് കൊല്ലപ്പെട്ടു. ബോംബ് പൊട്ടിയാണ് അനൂപ് കൊല്ലപ്പെട്ടത്. സി.പി.എം. ബോംബാണ് പൊട്ടിയതെന്ന് ആര്‍.എസ്സ്.എസ്സും തങ്ങള്‍ക്കെതിരേ പ്രയോഗിയ്ക്കാന്‍ ഒരുക്കി കൊണ്ട് വന്ന ബോംബു സ്വയം പൊട്ടിയതാണെന്ന് സി.പി.എമ്മും ആണയിടുന്നു. ആരുടെ ബോംബാണെങ്കിലും നഷ്ടപ്പെട്ടത് ഒരു മനുഷ്യ ജീവന്‍.

കേരളത്തില്‍ ഹര്‍ത്താലാഘോഷങ്ങള്‍ താരതമ്യേന കുറഞ്ഞ മാസമാണ് കടന്നു പോയത്. ഒരു പക്ഷേ ഒണാഘോഷത്തിന്റേയും ചെറിയ പെരുന്നാളാഘോഷത്തിന്റേയും ഒക്കെ ഇടയ്ക്ക് ഹര്‍ത്താലാഘോഷങ്ങള്‍ മുങ്ങി പോകുമെന്ന് ഭയന്നായിരിയ്ക്കാം ഹര്‍ത്താല്‍ മഹാമഹങ്ങള്‍ക്ക് അവധി കൊടുത്തത്.

Friday, August 22, 2008

ഇന്നത്തെ ഹര്‍ത്താല്‍ മഹാമഹം മണലൂരില്‍

ഹര്‍ത്താലിലേയ്ക്ക് മുതല്‍ കൂട്ടാനായി മറ്റൊരു ദിനം കൂടി. മണലൂര്‍ നിയോജക മണ്ഡലത്തിലാണ് ഇന്ന് ഹര്‍ത്താലാഘോഷം. എന്‍.ഡി.എഫ് എന്ന് അറിയപ്പെടുന്ന ഒരു സംഘടന വളരെ സമാധാനപരമായി വെട്ടികൊലപ്പെടുത്തിയ ബൈജു എന്ന ആര്‍.എസ്സ്.എസ്സ്. പ്രവര്‍ത്തകനാണ് ഇന്നത്തെ മണലൂര്‍ ഹര്‍ത്താലിന് ഹേതു.

ഹര്‍ത്താല്‍ ഒറ്റ നോട്ടത്തില്‍:

പ്രഖ്യാപിച്ചത്:
ബി.ജെ.പി, ആര്‍.എസ്സ്.എസ്സ്, ബി.എം.എസ്

തീയതി:
ക്രിസ്തുവിന് ശേഷം രണ്ടായിരത്തി എട്ടാം മാണ്ട് ആഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തീയതി വെള്ളിയാഴ്ച.

ദൈര്‍ഘ്യം:
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.

മണലൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം. നാളേയ്ക്കൊരു ഹര്‍ത്താലിന് കൂടി അവസരം ഒരുങ്ങികൊണ്ട് കബീര്‍, അലി എന്നിവര്‍ക്കും പാവറ‍ട്ടിയില്‍ വെട്ടേറ്റിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ നാളെ കൂടി മണലൂര്‍ നിവാസികള്‍ക്ക് ഹര്‍ത്താല്‍ ആഘോഷിയ്ക്കാം.

അങ്ങിനെ ഹാര്‍ത്താല്‍ ഗ്രൂപ്പ് ബ്ലോഗിലെ രണ്ടാം ഹര്‍ത്താല്‍ രണ്ടാം ദിനം തന്നെ അഘോഷിയ്ക്കപ്പെടുന്നു. കേരളം ഒന്നുകൂടി മനസ്സു വെച്ചാല്‍ എല്ലാ ദിനവും ഒരോ പോസ്റ്റ് ഉറപ്പിയ്ക്കാം.

ചേര്‍ത്ത് വായിയ്ക്കാം.
മലയാള മനോരമയിലെ വാര്‍ത്ത : ആര്‍.എസ്സ്.എസ്സ്. പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.