Tuesday, February 19, 2013

48 മണിക്കൂർ !


ചരിത്രത്തിലെ ആദ്യ 48 മണിക്കൂർ ഹർത്താലിന് നാം ഇരകളായിരിക്കുന്നു.
രാജ്യമാകെ മുഴുവൻ തൊഴിലാളി സംഘടനകളും പ്രഖ്യാപിച്ച രണ്ടുദിവസത്തെ പൊതു പണിമുടക്ക്
ഇന്നാരംഭിച്ചിർക്കുന്നു. കേരളത്തിൽ ഫലത്തിൽ ബന്ദു് തന്നെ.
ആവശ്യങ്ങൾ: വിലക്കയറ്റം പിടിച്ചു നിർത്താൻ നടപടി സ്വീകരിക്കുക, തൊഴിൽ സംരക്ഷിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുക, തൊഴിൽ നിയമം ലംഘിക്കുന്നവർക്ക് തക്ക ശിക്ഷ നൽകുക, തൊഴിൽ നിയമം കർശനമായി നടപ്പാക്കുക,   അസംഘടിത തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക, തൊഴിൽ കരാർ വത്കരണം അവസാനിപ്പിക്കുക, മിനിമം വേതനം പ്രതിമാസം 10,000 രൂപയായി നിജപ്പെടുത്തുക, ബോണസിനും പ്രൊവിഡന്റ് ഫണ്ടിനുമുള്ള എല്ലാ പരിധികളും എടുത്തുകളയുക, എല്ലാവർക്കും പെൻഷൻ നൽകുക തുടങ്ങി 10 ആവശ്യങ്ങൾ.

അങ്ങനെ ഒരു റെക്കോർഡ് കൂടി; 48 മണിക്കൂർ രാജ്യം നിശ്ചലമാക്കി !

Thursday, February 14, 2013

തൃശ്ശൂരില്‍ ഹര്‍ത്താല്‍

പാലിയേക്കര ടോള്‍ വിരുദ്ധസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ചൊവ്വാഴ്ച പോലീസ് നടത്തിയ അക്രമത്തിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ടോള്‍ വിരുദ്ധസമിതി ആഹ്വാനം ചെയ്ത ഒറ്റ ദിവസത്തെ ഹർത്താൽ ഇന്ന് തൃശ്ശൂരില്‍.. 

സോഷ്യലിസ്റ്റ് ജനത, സി.പി.ഐ-എം.എല്‍, സോളിഡാരിറ്റി, എസ്.ഡി.പി.ഐ, പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി, പോരാട്ടം, ബി.ജെ.പി എന്നീ സംഘടനകൾ ഹർത്താലിൽ പങ്കെടുക്കും. മറ്റാരൊക്കെ സഹകരിക്കും എന്ന് ഇന്നറിയാം.

Monday, September 19, 2011

ഇന്ധന വില കൂട്ടിയതിനെതിരേ...

അങ്ങനെ പെട്രോള്‍ വിലവര്‍ദ്ധനക്കെതിരെ ഒരു ഹര്‍ത്താല്‍ കൂടി ആഘോഷപൂര്‍വ്വം കഴിഞ്ഞുപോയി. പാവപ്പെട്ട കുറെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കേറ്റ പരിക്കുകള്‍ മിച്ചം. ഓണാവധിയുടെ ആലസ്യം മാറും മുന്‍പ് കേരളീയര്‍ക്കാഘോഷിക്കാന്‍ അരവധി ദിനം കൂടി കിട്ടി. വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് തകര്‍ത്ത്, സമരാനുകൂലികള്‍ നല്ലൊരു വിവാഹ സമ്മാനം നല്‍കി നവദമ്പതികള്‍ക്കിതൊരിക്കലും മറക്കാനാവാത്ത ദിനമാക്കികൊടുത്തു. ഹര്‍ത്താലിനോടുള്ള പ്രധിഷേധം സ്വന്തമായി രണ്ടുകാറുള്ള കുടുംബം കാളവണ്ടിയില്‍ യാത്രചെയ്തു തീര്‍ത്തു. ടിവി ക്യാമറകള്‍ സംഭവം ഭംഗിയായി പകര്‍ത്തി കേരളത്തിന്‌ സമര്‍പ്പിച്ചു.

ബി.ജെ.പി യുടെ അനുഗ്രഹാശിസ്സുകളോടെയും സഹകരണത്തോടെയും ഇടതു പക്ഷമായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം നടത്തി വിജയിപ്പിച്ചെടുത്തത്.

അടിക്കുറിപ്പ്: ഹര്‍ത്താല്‍ മൂലം വണ്ടികള്‍ പുറത്തിറക്കാന്‍ കഴിയാഞ്ഞവര്‍ക്ക് ആ പെട്രോളെങ്കിലും ലാഭം.

Friday, April 29, 2011

എന്‍ഡോസള്‍ഫാനെതിരെ

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഇടതു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്ന്.

വിഷയത്തിലെ രാഷ്ട്രീയമെന്തുതന്നെയാണെങ്കിലും ജീവന്‌ ഹാനികരമാവുന്ന ഒരു ഉല്പന്നം നിരോധിക്കണമെന്ന ന്യായമായ ആവശ്യം മുന്‍ നിര്‍ത്തി നടത്തുന്ന ഈ ഹര്‍ത്താല്‍ അത്രകണ്ട് ജനരോഷത്തിനിടയാക്കില്ല എന്നു തോന്നുന്നു. എന്തൊക്കെയായാലും ഏറെനാളുകള്‍ക്ക് ശേഷം കിട്ടിയ ഈ ഹര്‍ത്താല്‍ 'അവധി ദിനവും' ആഘോഷമായിത്തന്നെ മുന്നേറുന്നു.

Tuesday, April 27, 2010

ദേശീയ ഹര്‍ത്താല്‍

വിലക്കയറ്റത്തിനെതിരെ ഇടതുപക്ഷവും 13 രാഷ്ട്രീയകക്ഷികളും ചേര്‍ന്ന് ആഹ്വാനംചെയ്ത ദേശീയ ഹര്‍ത്താല്‍, റോഡ് - റെയില്‍ ഗതാഗതമടക്കം തടസ്സപ്പെടുത്തിക്കൊണ്ട് മുന്നേറുന്നു. പൊതുജനങ്ങള്‍ പതിവുപോലെ ഹര്‍ത്താലിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. വാഹനം കിട്ടാതെ അലയുന്നവര്‍, ഭക്ഷണം ലഭിക്കാന്‍ നിര്‍ വാഹമില്ലാതെ കുടുങ്ങിപ്പോയവര്‍, ഹര്‍ത്താല്‍ അനുകൂലീകളുമായി തര്‍ക്കിക്കുന്ന ചെറുവാഹനയാത്രക്കാര്‍ അങ്ങിനെയങ്ങിനെ അവധിദിനം(!) കൊണ്ടാടുന്ന (ഹര്‍ത്താല്‍ പ്രമാണിച്ച് സ്പെഷല്‍ സിനിമാപ്രദര്‍ശനം ചില ചാനലുകള്‍ 'അറേഞ്ചു' ചെയ്തിട്ടുണ്ട്) ബഹുഭൂരുപക്ഷവും..വീണ്ടുമൊരു ഹര്‍ത്താല്‍ ദിനം. എന്തായാലും വിലകള്‍ കുറയട്ടേ...നല്ല കാര്യം !!

Monday, November 16, 2009

കാസര്‍കോട് ഹര്‍ത്താല്‍

അങ്ങനെ ഇന്നത്തെ ഹര്‍ത്താല്‍ കാസര്‍കോട് ആരംഭിച്ചിരിക്കുകയാണ്‌. ഇതു വരെ കാര്യമായ അനിഷ്ട സം ഭവങ്ങളൊന്നും കൂടാതെ ഹര്‍ത്താല്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സംഭവിച്ച നിര്‍ഭാഗ്യകരമായ സംഭവങ്ങളും രണ്ട് മരണവുമാണ്‌ ഹര്‍ത്താലിന്‌ കാരണം. ഹര്‍ത്താലിനെതിരായ തന്റെയും യു.ഡി.എഫിന്റെയും നിലപാട് എം.എം. ഹസ്സന്‍ വിശദമാക്കിയ 'വര്‍ത്തമാനം' എന്ന പരിപാടി (സൂര്യ ടിവി) രണ്ട് ദിവസം മുമ്പ് കണ്ടതേയുള്ളൂ.. ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് യു.ഡി.എഫാണെന്ന് പത്രങ്ങളില്‍ നിന്നറിയുന്നു. എന്തായാലും കാസര്‍കോട് സമാധാനം തിരികെ വരട്ടേ..

Thursday, January 1, 2009

നവവത്സര ഹര്‍ത്താല്‍ തലശ്ശേരിയില്‍.

രണ്ടായിരത്തി ഒമ്പതിന്റെ ആദ്യ ഹര്‍ത്താല്‍ തലശ്ശേരിയില്‍ രേഖപ്പെടുത്തി.

സി.പി.എം. തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗം കെ. ലതീഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരയായിരുന്നു.

സംഘ പരിവാറിന്റേയും മാര്‍ക്സിസ്റ്റ് പരിവാറിന്റേയും തമ്മില്‍ തല്ലിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് തലശ്ശേരിയിലെ സഖാവ് ലതീഷ്.

ഭൂമി മലയാളത്തില്‍ നവവത്സരം പിറന്നു. ഒപ്പം ഹര്‍ത്താലുകളും തുടങ്ങി.


എല്ലാ മലയാളികള്‍ക്കും നൂറു ചൂടുചുകപ്പന്‍ ഹര്‍ത്താല്‍ ആശംസകള്‍.