പ്രിയ ചങ്ങാതിമാരേ,
ഹര്‍ത്താല്‍ ഒരു പുതിയ ഗ്രൂപ്പ് ബ്ലോഗാണ്. ഒരാള്‍ വിചാരിച്ചാല്‍ ഒരു നാട്ടിനെ നിശ്ചലമാക്കാന്‍ കഴിയുന്ന പോലെ ഇവിടെ ഹര്‍ത്താല്‍ എന്ന ഗ്രൂപ്പ് ബ്ലോഗും യാതൊരു ചര്‍ച്ചയും കൂടാതെ ഒരാള്‍ മാത്രമായി തുടങ്ങി വെയ്ക്കുകയാണ്. എന്നാല്‍ ഹര്‍ത്താലില്‍ ഒരു തവണയെങ്കിലും പെട്ടു പോയ ആര്‍ക്കും ഈ ഗ്രൂപ്പ് ബ്ലോഗിലേയ്ക്ക് ചേരാം. ഹര്‍ത്താലുകള്‍ അഘോഷമാക്കുന്നവര്‍ക്കും സ്വാഗതം.
ഉദ്ദേശ്യം:
കേരളത്തില്‍ അടിയ്ക്കടി പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകളുകടെ ഒരു നാള്‍വഴിയാണ് ഈ ബ്ലോഗ് ഉദ്ദേശ്യം വെയ്ക്കുന്നത്. കേരളത്തില്‍ എവിടെ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചാലും അത് ഈ ബ്ലോഗില്‍ രേഖപ്പെടുത്തിയിരിയ്ക്കും. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ പ്രഖ്യാപിയ്ക്കുന്ന ഹര്‍ത്താലുകളും പണിമുടക്കുകളുമാണ് ഇവിടെ രേഖപ്പെടുത്തപ്പെടുന്നത്. ദേശീയ തലത്തില്‍ പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും ബന്ദുകളും കേരളത്തെ ബാധിയ്ക്കുന്ന പോലെ മറ്റൊരു സംസ്ഥാനത്തും ബാധിയ്ക്കുന്നില്ല എന്നതു കൊണ്ട് ദേശീയ തലത്തില്‍ പ്രഖ്യാപിയ്ക്കുന്ന ഹര്‍ത്താലുകളും ഇവിടെ ചേര്‍ക്കപ്പെടാം.
ലക്ഷ്യം:
കേരളത്തിലെ ഹര്‍ത്താലുകള്‍ക്ക് എന്തെങ്കിലും ലക്ഷ്യം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷേ ഹര്‍ത്താല്‍ എന്ന ഈ ഗ്രൂപ്പ് ബ്ലോഗിന് ക്രിയാത്മകമായ ഒരു ലക്ഷ്യമുണ്ട്.
പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകള്‍ മുന്നോട്ട് വെയ്ക്കുന്ന വിഷയങ്ങള്‍ക്ക് ഹര്‍ത്താലാനന്തരം എന്ത് സംഭവിച്ചു എന്ന ചര്‍ച്ചയാണ് നാം ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. ഇതൊരു തുടര്‍ ചര്‍ച്ചയായിരിയ്ക്കും. ഹര്‍ത്താലുകളുടെ ലക്ഷ്യമില്ലായ്മകളെ തുറന്ന് കാട്ടാന്‍ ഇങ്ങിനെയുള്ള തുറന്ന തുടര്‍ ചര്‍ച്ചകള്‍ക്ക് ബ്ലോഗ് എന്ന മാധ്യമം തരുന്ന സ്വാതന്ത്ര്യവും സൌകര്യവും ഉപയോഗപ്പെടുത്താന്‍ നമ്മുക്ക് കഴിയും.
ഈ ബ്ലോഗ് ഇന്ന് എന്തെങ്കിലും ചലനം സമൂഹത്തില്‍ ഉണ്ടാക്കുമെന്ന് നമ്മുക്ക് കരുതുക വയ്യ. പക്ഷേ നാളെ, കേരളത്തില്‍ ഉണ്ടായിട്ടുള്ള ഹര്‍ത്താലുകളുടെ ചരിത്രം ചികഞ്ഞ് പോകുന്ന ഒരുവന് നാം നഷ്ടപ്പെടുത്തിയ ദിനങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടത്തിന് ഈ ബ്ലോഗ് കാരണമാകാം. എല്ലാവരുടെയും നിസ്സീമമായ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഇങ്ങിനെയൊരു ഉദ്യമം വിജയത്തിലെത്തുള്ളു. ഈ ബ്ലോഗിന്റെ ഉടമസ്ഥാവകാശം എങ്ങിനെ വേണം എന്നുള്ളതിനും തുറന്ന ചര്‍ച്ച ക്ഷണിയ്ക്കുന്നു.
പ്രവര്‍ത്തന രീതി:
വളരെ ലളിതമായാണ് ഹര്‍ത്താല്‍ എന്ന ഗ്രൂപ്പ് ബ്ലോഗ് പ്രവര്‍ത്തിയ്ക്കുക. ഹര്‍ത്താലുകള്‍,പണിമുടക്കുകള്‍,പഠിപ്പുമുടക്കുകള്‍,ബന്ദുകള്‍ തുടങ്ങിയ ആഘോഷങ്ങള്‍ കേരളത്തിന്റെ ഏത് കോണില്‍ നടന്നാലും എന്നെന്നെത്തേയ്ക്കുമായി ഇവിടെ ശേഖരിയ്ക്കപ്പെടണം. അതൊരു ഭഗീരഥപ്രയത്നമാണ്. ഇന്ന് മലയാളത്തില്‍ ബ്ലൊഗെഴുതുന്ന എല്ലാവരും കൂടി വിചാരിച്ചാലും കേരളത്തില്‍ പ്രഖ്യാപിയ്ക്കുന്ന പണിമുടക്കുകളെ ക്രോഡീകരിയ്ക്കാന്‍ കഴിയില്ല. എങ്കിലും കഴിയുന്നത്ര പണിമുടക്കുകളെ നമ്മുക്കിവിടെ ഉപ്പിലിട്ട് വെയ്ക്കാം - ഒരു നാടിനെ നാം ഇന്ന് എങ്ങിനെ നശിപ്പിച്ചു എന്ന് നാളത്തെ തലമുറയ്ക്ക് കാട്ടികൊടുക്കാനായി.
ഒരു ഹര്‍ത്താല്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു പോസ്റ്റിടുക. ദേ ഇങ്ങിനെ:
അവനവന്‍ ചേരിയില്‍ ഹര്‍ത്താല്‍:
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ അവനവന്‍ ചേരി എന്ന സ്ഥലത്ത് നാളെ അഖില ഭാരതീയ അവനവന്‍ ചേരി ബ്ലോഗെഴുത്ത് യൂണിയന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അവനവന്‍ ചേരി പഞ്ചായത്ത് പ്രസിഡന്റിന് അഖില ഭാരതീയ അവനവന്‍ ചേരി ബ്ലോഗെഴുത്ത് യൂണിയന് വേണ്ടി ദേശീയ പ്രസിഡന്റ് ഉല്പലാക്ഷന്‍ മൂന്നിന അവകാശ പത്രിക സമര്‍പ്പിച്ചു. അവകാശങ്ങള്‍ താഴെ പറയുന്നു:
1. ബ്ലോഗെഴുത്ത് കാരുടെ തറവില അമ്പത് പൈസ കണ്ട് വര്‍ദ്ധിപ്പിയ്ക്കുക.
2. ബ്ലോഗെഴുത്ത്കാര്‍ക്ക് അവനവന്‍ ചേരി പഞ്ചായത്തില്‍ അമ്പത് ശതമാനം ജോലി സംവരണം ഉടന്‍ നടപ്പാക്കുക.
3. ബ്ലോഗെഴുത്ത്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക.
രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.
ഇത്രയുമാണ് പോസ്റ്റില്‍ ഉണ്ടായിരിയ്ക്കേണ്ടുന്നത്. തുടര്‍ന്ന് വരുന്ന ദിനങ്ങളില്‍ അവനവന്‍ ചേരി പഞ്ചായത്ത് ഈ ഹര്‍ത്താലിനുമേല്‍ എന്ത് നടപടി എടുത്ത് എന്ന് തിരക്കി അറിയുവാന്‍ അഖില ഭാരതീയ അവനവന്‍ ചേരി ബ്ലൊഗെഴുത്ത് യൂണിയന്‍ മിനക്കെടില്ല എങ്കിലും നാം അതിന്റെ ഫലം എന്തായിരുന്നു എന്ന് കണ്ടെത്തണം. ഒരു നിശ്ചിത ദിനത്തിനുള്ളില്‍ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലാ എങ്കില്‍ യൂണിയനോട് നാം ഇക്കാര്യത്തെ കുറിച്ച് രേഖാമൂലം വിശദീകരണം ആവശ്യപ്പെടണം.
അതിങ്ങനെയാകാം:
ബഹുമാനപ്പെട്ട അവനവന്‍ ചേരി ബ്ലോഗെഴുത്ത് യൂണിയന്‍ പ്രസിഡന്റ് ഉല്പലാക്ഷന്‍ അവര്‍കള്‍ അറിയുന്നതിന്,
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുന്നേ അതായത് രണ്ടായിരത്തി എട്ട് ആഗസ്റ്റ് പതിനഞ്ചാം തീയതി താങ്കളുടെ യൂണിയന്‍ അവനവന്‍ ചേരി പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താല്‍ ഫലം കണ്ടോ? താങ്കളുടെ യൂണിയന്‍ പഞ്ചായത്തിന് സമര്‍പ്പിച്ച മൂന്നിന അവകാശ പത്രിക അവനവന്‍ ചേരി പഞ്ചായത്ത് അംഗീകരിച്ചുവോ? അംഗീകരിച്ചില്ലാ എങ്കില്‍ ആ അവകാശങ്ങളുടേ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
ഇതേകുറിച്ചുള്ള വിശദമായ ഒരു മറുപടി അന്നേ ദിവസം ഹര്‍ത്താലിന്റെ പിടിയില്‍ പെട്ട ഒരു സാധാരണ പൌരന്‍ എന്ന നിലയ്ക്ക് ഞാന്‍ താങ്കളില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നു.
നന്ദി,
വിനീത വിധേയന്‍.
ആറുമണിയ്ക്ക് ജനിച്ച് ആറുമണിയ്ക്ക് അവസാനിയ്ക്കുന്ന ഹര്‍ത്താലുകള്‍ക്ക് ഈ പ്രകൃയയിലൂടെ നമ്മുക്ക് പുനര്‍ ജീവന്‍ കൊടുക്കാന്‍ പറ്റുമെന്നതില്‍ യാതൊരു സംശയവും വേണ്ട. തുടര്‍ ചര്‍ച്ചകള്‍ എന്നാല്‍ ഈ ഗ്രൂപ്പ് ബ്ലോഗില്‍ ഉള്‍പ്പെടുന്ന എല്ലാവരും ഹര്‍ത്താല്‍ പ്രഖ്യാപിയ്ക്കുന്ന പാര്‍ട്ടീ നേതാക്കന്മാര്‍ക്ക് കത്ത് അയയ്ക്കുക എന്നതിനും പുറമേ ആ കത്തുകള്‍ ഈ ബ്ലോഗില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കുകയും ചെയ്യുക എന്നതാണ്. കഴിയുമെങ്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിയ്ക്കുന്ന നേതാക്കന്മാരോട് ജീമെയില്‍ അക്കൌണ്ട് ഓപ്പണ്‍ ആക്കാന്‍ അപേക്ഷിക്കുകയും അതിന് അവരെ സഹായിയ്ക്കുകയും വേണം. തപാലിലൂടെ കത്ത് അയയ്ക്കന്നതിനേക്കാള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുവാന്‍ നെറ്റിന്റെ സൌകര്യം ഉപയോഗിയ്ക്കുന്നത് നല്ലതായിരിയ്ക്കുമല്ലോ?
ഒരു ദിനം കൊണ്ട് മരണപ്പെടേണ്ടവയല്ല മനുഷ്യന്റെ ഒരു ദിവസത്തെ ജീവിതം നിശ്ചലമാക്കുന്ന ഹര്‍ത്താല്‍. പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകള്‍ എന്നെന്നത്തേയ്ക്കുമായി സൂക്ഷിച്ചു വെയ്ക്കപ്പെടണം. ഹര്‍ത്താലുകള്‍ മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യങ്ങള്‍ സാധൂകരിയ്ക്കപ്പെടുന്നുണ്ടോ എന്ന ജാഗ്രത ഹര്‍ത്താലുകള്‍ പ്രഖ്യാപിയ്ക്കന്നവര്‍ക്കില്ല. പക്ഷേ അത് അനുഭവിയ്ക്കുന്നവര്‍ക്ക് ഉണ്ടാകണം. അതിന് തുടക്കമാകാന്‍ ഈ ഗ്രൂപ്പ് ബ്ലോഗിന് കഴിയുമെന്ന് കരുതുന്നു.
കഴിയുന്നത്ര ഐഡികളിലേയ്ക്ക് ഹര്‍ത്താല്‍ നോട്ടിസ് എത്തിയ്ക്കുന്നു. ഏവരും കൈപ്പറ്റണമെന്നും ഈ ഗ്രൂപ്പ് ബ്ലോഗിലേയ്ക്ക് വന്ന് ഹര്‍ത്താല്‍ ഒരു വന്‍ വിജയമാക്കണമെന്നും താഴ്മയായി അപേക്ഷിയ്ക്കുന്നു. ഹര്‍ത്താലിന്റെ നോട്ടിസ് കിട്ടാത്തവര്‍ അവരുടെ വിലാസം കമന്റായി ചേര്‍ത്താല്‍ ഹര്‍ത്താലില്‍ അവരേയും ഉള്‍പ്പെടുത്തുന്നതാണ്. ആദ്യ വട്ട ചര്‍ച്ചയ്ക്ക് ശേഷം ബ്ലോഗിന്റെ നിയന്ത്രണാവകാശം എങ്ങിനെ വേണമെന്ന് നമ്മുക്ക് ഒരു പൊതു ചര്‍ച്ചയിലൂടെ തീരുമാനിയ്ക്കാം.
ഏവരുടേയും സഹകരണവും സഹായവും പ്രതീക്ഷിച്ചു കൊണ്ട് ഹര്‍ത്താല്‍ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ് ബൂലോഗ സമക്ഷം സമര്‍പ്പിയ്ക്കുന്നു.
ഏവര്‍ക്കും ഹര്‍ത്താലാശംസകള്‍...
നന്ദി.
Friday, August 15, 2008
Subscribe to:
Posts (Atom)