Wednesday, August 20, 2008

അഖില ഭാരത കേരളാ പണിമുടക്ക്.

അഖില ഭാരത പണിമുടക്ക് കഴിയുന്നു. പണിമുടക്ക് ദേശീയാടിസ്ഥാനത്തില്‍ ആയിരുന്നു എങ്കിലും ജനജീവിതം സ്തംഭിച്ചത് കേരളത്തിലായിരുന്നു-പതിവു പോലെ. പണിമുടക്ക് ഹര്‍ത്താലായും ഹര്‍ത്താല്‍ ബന്ദായും പരിണമിയ്ക്കുന്ന കേരള ഹര്‍ത്താല്‍ ചരിത്രത്തിലേയ്ക്ക് തങ്കലിപികളാല്‍ എഴുതി ചേര്‍ക്കാവുന്ന ഒരു ദിനവും കൂടിയാണ് കടന്നു പോകുന്നത്.

രണ്ടായിരത്തി എട്ടില്‍ നടന്ന എണ്‍പത്തി രണ്ടാമത്തെ ഹര്‍ത്താലായിരുന്നു ദേശീയ പൊതുപണിമുടക്കിന്റെ രൂപത്തില്‍ കേരളത്തില്‍ ആഘോഷിയ്ക്കപ്പെട്ടത് എന്നതില്‍ നമ്മുക്ക് ആത്മാഭിമാനം കൊള്ളാം. ലോകത്ത് ആര്‍ക്ക് കഴിയും ഇങ്ങിനെയൊരു നേട്ടം ഉണ്ടാക്കിയെടുക്കാന്‍?

പണിമുടക്ക് ഒറ്റ നോട്ടത്തില്‍:

പ്രഖ്യാപിച്ചത്: ഇടതു പക്ഷ തൊഴിലാളി യൂണിയനുകളുടെ സ്പോണ്‍സറിങ്ങ് കമ്മിറ്റി.

തീയതി: ക്രിസ്തുവിന് ശേഷം രണ്ടായിരാം മാണ്ട് ആഗസ്റ്റ് മാസം ഇരുപതാം തീയതി ബുധനാഴ്ച.

ദൈര്‍ഘ്യം:
ഇരുപത്തി നാലു മണിയ്ക്കൂര്‍.

പണിമുടക്ക് വിജയിപ്പിയ്ക്കാന്‍ വിയര്‍പ്പൊഴുക്കിയ പാര്‍ട്ടികള്‍‍:
സി.ഐ.ടി.യു., എ.ഐ.ടി.യു.സി., എച്ച്.എം.എസ്.,യു.ടി.യു.സി., കെ.ടി.യു.സി(ജെ),ഐ.എഫ്.ടി.യു

നേതാക്കന്മാര്‍: കാനം രാജേന്ദ്രനും എം.എം. ലോറന്‍സും. (തന്നേന്ന്...രണ്ടെണ്ണവും കേരളത്തീന്ന് തന്നെ.)

നേടിയെടുക്കാനുള്ള അവകാശങ്ങള്‍:
1. വിലക്കയറ്റം തടയുക.
2. ഇന്ധന പൂഴ്ത്തിവെയ്പ്പ് തടയുക.
3. തൊഴില്‍ നിയമ ലംഘനം അവസാനിപ്പിയ്ക്കുക.
4. അസംഘടിത തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുക.
5. പ്രോവിഡം ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കാതിരിയ്ക്കുക.

പണിമുടക്ക് ദിനത്തില്‍ നേടിയവ:
1. കേരളം നിശ്ചലം. (ഭാ‍രതത്തെ കുറിച്ച് ചോദിയ്ക്കരുത്)
2. തീവണ്ടി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു.
3. ബസ്സ് സര്‍വ്വീസ് തടയപ്പെട്ടു.
4. വ്യാപാരമേഖല അടയ്ക്കപ്പെട്ടു.
5. വ്യവസായ മേഖല പൂട്ടപ്പെട്ടു.
6. തൊഴില്‍ മേഖല നിശ്ചലം.
7. സര്‍ക്കാര്‍ സേവനങ്ങള്‍ സര്‍ക്കാര്‍ തന്നെ വേണ്ടെന്നു വച്ചു.
8. ഐ.ടി. മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണ്ണം. (യാഹൂ,ഗൂഗിള്‍ എന്നിവ അതിര്‍ത്തി കടന്ന് വന്നതേയില്ല.)
9. ബാങ്കുകള്‍ അടപ്പിച്ചു.
10. സെക്രട്ടറിയേറ്റില്‍ ആരേയും കയറ്റിയില്ല.
11. കളക്ട്രേറ്റുകള്‍ പൂട്ടിയിട്ടു.

പണിമുടക്ക് കഴിയുന്നതോടെ നേടിയെടുക്കേണ്ടവ അഥവാ വിജയിച്ച പണിമുടക്കില്‍ നാളെ മുതല്‍ ലഭ്യമാകേണ്ടവ:
1. വിലകയറ്റം നാളെ മുതല്‍ വിലയിറക്കമായി മാറും.
2. പൂഴ്ത്തിവെയ്ക്കപ്പെട്ട ഇന്ധനം നാളെ മുതല്‍ പുഴയാഴൊഴുകും.
3. എല്ലാ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും ഇന്ന് രാത്രിയോടെ പരിഹാരമാകും.
4. അസംഘടിത തൊഴിലാളികള്‍ ഇന്നുമുതല്‍ സംഘടിയ്ക്കുകയാല്‍ നാളെ മുതല്‍ അവരുടെ തൊഴിലുകള്‍ സുരക്ഷിതമാകും.
5. പ്രോവിഡം ഫണ്ട് ഇന്നിമുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കപ്പെടില്ല.

വിജയിച്ച പണിമുടക്കിനാല്‍ മേപ്പടി കാര്യങ്ങള്‍ നാളെ മുതല്‍ സംഭവിയ്ക്കണം. അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളീല്‍ സംഭവിയ്ക്കണം. സംഭവിച്ചോ ഇല്ലയോ എന്ന് അടുത്ത മാസത്തോടെ നമ്മുക്ക് കാനം രാജേന്ദ്രനോടും എം.എം. ലോറന്‍സിനോടും കത്തെഴുതി ചോദിയ്ക്കാം. അവരുടെ വിലാസം ഇപ്പോള്‍ ലഭ്യമല്ല. അത് ലഭ്യമാക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ കമന്റായി ചേര്‍ക്കാന്‍ താല്പര്യപ്പെടുന്നു.

പണിമുടക്കിന്റെ വിജയ പ്രഖ്യാപനം ഇവിടെ

ബാക്കി പത്രം.
1. കേരളത്തിലെ ഒരു ദിവസത്തെ ഹര്‍ത്താലിന്റെ വില എഴുന്നൂറ് കോടി രൂപാ മാത്രം.

2. പതിവു പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടിയുടെ പൂരം.

3. വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞവനെ സഹപ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചു. ഉടുതുണി ഉരിഞ്ഞും പോയി.

4. പൊതുജനം വലഞ്ഞാലെന്ത്. നാടു ഭരിയ്ക്കുന്നവര്‍ക്ക് യാത്ര സുഖം സുഖകരം.

5. മകന്‍ നഷ്ടപ്പെട്ട അമ്മ മകന്റെയടുത്തെത്താന്‍ കഴിയാതെ തളര്‍ന്നവശയായി റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരുന്നു പോലും ഹര്‍ത്താല്‍ വിജയിപ്പിച്ചു.

6. കുട്ടി മരിയ്ക്കുമെന്ന് കരുതിയല്ല പണിമുടക്ക് പ്രഖ്യാപിച്ചത് : നേതാവ് എം.എം.ലോറന്‍സിന്റെ വെളിപ്പെടുത്തല്‍!

7. കൊച്ച് ചത്തതിന് ഞങ്ങളെന്നാ വേണം. ദേശാഭിമാനിയുടെ ന്യായം.

8. ശ്രീധരന്‍ നായരുടെ മൂക്ക് ഹര്‍ത്താലിന് നേര്‍ച്ചയാക്കി.

9. ഹര്‍ത്താല്‍ വിജയിപ്പിച്ചവര്‍ക്ക് കാനം രാജേന്ദ്രന്റെ നന്ദി

10. താക്കീത്. നാം നന്നാവൂല്ലാന്ന് തന്നേന്ന്!

ചേര്‍ത്ത് വയ്ക്കാം:
1. സുധീര്‍ കുമാറിന്റെ കാര്‍ട്ടൂണ്‍
2. മലയാള മനോരമയുടെ മുഖപ്രസംഗം പണിമുടക്കിന്റെ പേരില്‍ ഭീകരത.
3. മാതൃഭൂമി വാര്‍ത്ത. ജനദ്രോഹം
4. പ്രബുദ്ധ കേരളം പെരുവഴിയില്‍.ചിത്രങ്ങളിലൂടെ.
5. മാതൃഭൂമിയുടെ മുഖപ്രസംഗം അഖിലേന്‍ഡ്യാ എന്ന പേരില്‍ ഒരു സ്തംഭനം കൂടി
6. രോഷന്‍ സാം അലക്സ് എഴുതുന്നു Purely Coincidental.
7.കുട്ടു വിന്റെ ബ്ലോഗിലെ ദൈന്യം.
8. ഹരി പറയുന്നു ഹര്‍ത്താല്‍ നമ്മള്‍ വെറുത്താല്‍
9. സായന്തനം സഹികെട്ട് വിളിയ്ക്കുന്ന നല്ല തെറി നായിന്റെ മക്കള്‍ ...ഹര്‍ത്താലുകാര്‍
10. ബിപിന്‍ കെ.ദാസ് പറയുന്നു ഒരമ്മയുടെ കണ്ണീരും ആഗോള വത്ക്കരണവും
11. ജനയുഗത്തിന്റെ ഹര്‍ത്താല്‍ വിജയ സന്ദേശം ഭരണാധികാരികള്‍ക്ക് താക്കീതായ പണിമുടക്ക്

ഇന്നി ഫോര്‍വേഡായി കിട്ടിയ ഒരു മെസ്സേജില്‍ നിന്നുള്ള ഹര്‍ത്താലാഘോഷ ചിത്രങ്ങളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം. (ഫോര്‍വേഡായി കിട്ടിയതാണ്. ഇതിന്റെ യഥാര്‍ത്ഥ ഉടമ എസ്. ജയചന്ദ്രന്‍ ആണെന്നാണ് ഫോട്ടോയില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇവിടെ ഈ ഫോട്ടോകള്‍ പ്രസിദ്ധീകരിയ്ക്കുന്നത്. ഉടമയ്ക്ക് പരാതിയുണ്ടെങ്കില്‍ പിന്‍‌വലിയ്ക്കാം. പൂര്‍ണ്ണമായും ഈ ഫോട്ടോകള്‍ എസ്.ജയചന്ദ്രന് കടപ്പെട്ടിരിയ്ക്കുന്നു.)


ഇരകളെ തേടി ഹര്‍ത്താല്‍ സമരസഖാക്കളുടെ മാര്‍ച്ച് പാസ്റ്റ്.


ഹര്‍ത്താല്‍ ദിനത്തിലെ സമാധാന പരമായ കല്ലെറിയല്‍ മഹാമഹം.


ഓടുന്ന വണ്ടി തടഞ്ഞ് നിര്‍ത്തി കാറ്റൂരി വിടുന്നതെങ്ങിനെ ഹര്‍ത്താലിലെ അക്രമമാകും?


ഹര്‍ത്താല്‍ സമാധാനപരം. ഇദ്ദാണ് തികച്ചും സമാധാനപരം.

അങ്ങിനെ ഹര്‍ത്താല്‍ എന്ന ഗ്രൂപ്പ് ബ്ലോഗിലെ ആദ്യത്തെ ഹര്‍ത്താലാഘോഷം അവസാനിയ്ക്കുന്നു.
ശുഭം!