Tuesday, August 26, 2008

ഇന്നത്തെ ഹര്‍ത്താലാഘോഷം പേരാവൂരില്‍.

ഭൂമിമലയാളത്തിലെ ഇന്നത്തെ ഹര്‍ത്താലാഘോഷം കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ മേഖലിയില്‍ ആയിരുന്നു.

ഹര്‍ത്താല്‍ ഒറ്റ നോട്ടത്തില്‍.

പ്രഖ്യാപിച്ചത് :
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യാ (മാര്‍ക്സിസ്റ്റ്) അഥവാ സി.പി.എം.

കാരണം :
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലയിലെ ചാക്കോട്ട് ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്.

തീയതി :
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ആഗസ്റ്റ് മാസം ഇരുപത്തി അഞ്ച് തിങ്കളാഴ്ച.

ദൈര്‍ഘ്യം :
പതിവു പോലെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെ.

ജനജീവിതം സ്തംഭിച്ച മേഖല :
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, ചാവശ്ശേരി, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, കാക്കയങ്ങാട്, വിളക്കോട് പ്രദേശങ്ങള്‍.

ആവശ്യം :
പ്രഖ്യാപിച്ചവര്‍ പ്രത്യാകിച്ച് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കൊലപാതകത്തില്‍ പ്രതിഷേധിയ്ക്കുക എന്ന ഒറ്റവരി ആവശ്യമായിരിയ്ക്കാം ഹര്‍ത്താലിന് ഹേതു എന്നൂഹിയ്ക്കാം.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്നത് മനുഷ്യനല്ലല്ലോ. കൊലപാതകിയും മനുഷ്യനല്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ ഇങ്ങനെയല്ലേ:

പേരാവൂര്‍: എന്‍.ഡി.എഫ്. അക്രമണത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.
അതായത് കൊന്നത് മനുഷ്യനല്ല. എന്‍.ഡി.എഫ് പ്രവര്‍ത്തകനാണ്. കൊല്ലപ്പെട്ടതും മനുഷ്യനല്ല. സി.പി.എം. പ്രവര്‍ത്തകനാണ്. നേരേ മറിച്ച് വാഹനാപകടത്തില്‍ ഒരുവന്‍ കൊല്ലപ്പെട്ടാല്‍ വാര്‍ത്ത എങ്ങിനെയായിരിയ്ക്കും?

പേരാവൂര്‍: വാഹനങ്ങളുടെ മത്സര ഓട്ടത്തില്‍ നിയന്ത്രണം വിട്ട ശ്രീലക്ഷ്മി എന്ന ബസ്സ്, ബസ്സ് കാത്ത് നിന്നിരുന്ന ഉല്പലാക്ഷന്‍ (21) എന്ന യുവാവിനെ ഇടിച്ചു തെറിപ്പിച്ചു. ഉല്പലാക്ഷന്‍ തല്‍ക്ഷണം മരിച്ചു. ഇവിടെ കൊല്ലപ്പെട്ടത് മനുഷ്യനാണ്. പക്ഷേ രാഷ്ട്രീയ കൊലപാതകത്തില്‍ കൊല്ലപ്പെടുന്നതും കൊല ചെയ്യുന്നവനും മനുഷ്യനല്ല. രണ്ടു പ്രതീകങ്ങള്‍ മാത്രം.

അവര്‍ മനുഷ്യാരാകുന്നത് അവരുടെ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം. ബന്ധുക്കള്‍ക്ക് പരേതനെ അവസാനമായി ഒരു നോക്കു കാണാനുള്ള അവസരം കൂടിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഗതാഗത തടസ്സം ഉണ്ടാക്കുന്നവര്‍ മുടക്കുന്നത്.

അങ്ങിനെ നാലു ദിവസം കൊണ്ട് ഭൂമിമലയാളത്തില്‍ ആചരിയ്ക്കപ്പെട്ട ഹര്‍ത്താലുകളുടെ എണ്ണം മൂന്ന്.