Sunday, October 12, 2008

തലശ്ശേരി താലൂക്കില്‍ ഹര്‍ത്താല്‍ മഹാമഹം.

ഹര്‍ത്താലുകള്‍ ആഘോഷമാക്കപ്പെട്ടിരിയ്ക്കുന്ന നമ്മുടെ നാട്ടില്‍ കുറഞ്ഞൊരിടവേളയ്ക്ക് ശേഷം വീണ്ടും ഹര്‍ത്താല്‍. ആര്‍.എസ്.എസ്. ബോംബാണെങ്കിലും സി.പി.എം. ബോംബാണെങ്കിലും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ കോമത്ത് പാറ കലിഗാ നിവാസില്‍ സി.കെ. അനൂപ് എന്ന ഇരുപത്തൊന്നു കാരന്‍ അവന്റെ വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ടിരിയ്ക്കുന്നു എന്നത് മാത്രം സത്യം. കണ്ണൂരിലെ സമാധാനപരമായ കൊലപാതകങ്ങളുടെ ഏടുകളിലേയ്ക്ക് ഒരു ചെറുപ്പക്കാ‍രന്റെ പേരു കൂടി ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്നു.

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍.

പ്രഖ്യാപിച്ചത്:
ഭാരതീയ ജനതാപാര്‍ട്ടിയും സംഘപരിവാര്‍ സംഘടനകളും സംയുക്തമായി.

ബാധിയ്ക്കപ്പെടുന്ന പ്രദേശം:
തലശ്ശേരി താലൂക്ക്.

ഹര്‍ത്താലാചരണ തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി ശനിയാഴ്ച.

ദൈര്‍ഘ്യം:
ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് സൌകര്യപ്പെടുന്നിടം വരെ.

കാരണം:
ആര്‍.എസ്.എസ് ഘഠക് പ്രമുഖ് കോമത്ത് പാറ കലിഗാ നിവാസില്‍ സി.കെ. അനൂപ് കൊല്ലപ്പെട്ടു. ബോംബ് പൊട്ടിയാണ് അനൂപ് കൊല്ലപ്പെട്ടത്. സി.പി.എം. ബോംബാണ് പൊട്ടിയതെന്ന് ആര്‍.എസ്സ്.എസ്സും തങ്ങള്‍ക്കെതിരേ പ്രയോഗിയ്ക്കാന്‍ ഒരുക്കി കൊണ്ട് വന്ന ബോംബു സ്വയം പൊട്ടിയതാണെന്ന് സി.പി.എമ്മും ആണയിടുന്നു. ആരുടെ ബോംബാണെങ്കിലും നഷ്ടപ്പെട്ടത് ഒരു മനുഷ്യ ജീവന്‍.

കേരളത്തില്‍ ഹര്‍ത്താലാഘോഷങ്ങള്‍ താരതമ്യേന കുറഞ്ഞ മാസമാണ് കടന്നു പോയത്. ഒരു പക്ഷേ ഒണാഘോഷത്തിന്റേയും ചെറിയ പെരുന്നാളാഘോഷത്തിന്റേയും ഒക്കെ ഇടയ്ക്ക് ഹര്‍ത്താലാഘോഷങ്ങള്‍ മുങ്ങി പോകുമെന്ന് ഭയന്നായിരിയ്ക്കാം ഹര്‍ത്താല്‍ മഹാമഹങ്ങള്‍ക്ക് അവധി കൊടുത്തത്.

3 comments:

അഞ്ചല്‍ക്കാരന്‍ said...

ചെറിയൊരിട വേളയ്ക്ക് ശേഷം കേരള രജ്യത്ത് വീണ്ടും ഹര്‍ത്താല്‍. ഇന്നലെ ഹര്‍ത്താല്‍ ആഘോഷിയ്ക്കപ്പെട്ടത് തലശ്സേരി താലൂക്കില്‍.

അജ്ഞാതന്‍ said...

മനുഷ്യ ജീവന്റെ വില നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു.......അടുത്ത ഹര്‍ത്താലിനായി കാത്തിരിക്കുന്നു

Anonymous said...

http://mathrubhumi.com/php/newsDetails.php?news_id=1257138&n_type=NE&category_id=3&Farc=