Friday, August 15, 2008

ഹര്‍ത്താലിന്റെ നാള്‍വഴികളിലൂടെ..

പ്രിയ ചങ്ങാതിമാരേ,
ഹര്‍ത്താല്‍ ഒരു പുതിയ ഗ്രൂപ്പ് ബ്ലോഗാണ്. ഒരാള്‍ വിചാരിച്ചാല്‍ ഒരു നാട്ടിനെ നിശ്ചലമാക്കാന്‍ കഴിയുന്ന പോലെ ഇവിടെ ഹര്‍ത്താല്‍ എന്ന ഗ്രൂപ്പ് ബ്ലോഗും യാതൊരു ചര്‍ച്ചയും കൂടാതെ ഒരാള്‍ മാത്രമായി തുടങ്ങി വെയ്ക്കുകയാണ്. എന്നാല്‍ ഹര്‍ത്താലില്‍ ഒരു തവണയെങ്കിലും പെട്ടു പോയ ആര്‍ക്കും ഈ ഗ്രൂപ്പ് ബ്ലോഗിലേയ്ക്ക് ചേരാം. ഹര്‍ത്താലുകള്‍ അഘോഷമാക്കുന്നവര്‍ക്കും സ്വാഗതം.

ഉദ്ദേശ്യം:
കേരളത്തില്‍ അടിയ്ക്കടി പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകളുകടെ ഒരു നാള്‍വഴിയാണ് ഈ ബ്ലോഗ് ഉദ്ദേശ്യം വെയ്ക്കുന്നത്. കേരളത്തില്‍ എവിടെ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചാലും അത് ഈ ബ്ലോഗില്‍ രേഖപ്പെടുത്തിയിരിയ്ക്കും. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ പ്രഖ്യാപിയ്ക്കുന്ന ഹര്‍ത്താലുകളും പണിമുടക്കുകളുമാണ് ഇവിടെ രേഖപ്പെടുത്തപ്പെടുന്നത്. ദേശീയ തലത്തില്‍ പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും ബന്ദുകളും കേരളത്തെ ബാധിയ്ക്കുന്ന പോലെ മറ്റൊരു സംസ്ഥാനത്തും ബാധിയ്ക്കുന്നില്ല എന്നതു കൊണ്ട് ദേശീയ തലത്തില്‍ പ്രഖ്യാപിയ്ക്കുന്ന ഹര്‍ത്താലുകളും ഇവിടെ ചേര്‍ക്കപ്പെടാം.

ലക്ഷ്യം:
കേരളത്തിലെ ഹര്‍ത്താലുകള്‍ക്ക് എന്തെങ്കിലും ലക്ഷ്യം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷേ ഹര്‍ത്താല്‍ എന്ന ഈ ഗ്രൂപ്പ് ബ്ലോഗിന് ക്രിയാത്മകമായ ഒരു ലക്ഷ്യമുണ്ട്.

പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകള്‍ മുന്നോട്ട് വെയ്ക്കുന്ന വിഷയങ്ങള്‍ക്ക് ഹര്‍ത്താലാനന്തരം എന്ത് സംഭവിച്ചു എന്ന ചര്‍ച്ചയാണ് നാം ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. ഇതൊരു തുടര്‍ ചര്‍ച്ചയായിരിയ്ക്കും. ഹര്‍ത്താലുകളുടെ ലക്ഷ്യമില്ലായ്മകളെ തുറന്ന് കാട്ടാന്‍ ഇങ്ങിനെയുള്ള തുറന്ന തുടര്‍ ചര്‍ച്ചകള്‍ക്ക് ബ്ലോഗ് എന്ന മാധ്യമം തരുന്ന സ്വാതന്ത്ര്യവും സൌകര്യവും ഉപയോഗപ്പെടുത്താന്‍ നമ്മുക്ക് കഴിയും.

ഈ ബ്ലോഗ് ഇന്ന് എന്തെങ്കിലും ചലനം സമൂഹത്തില്‍ ഉണ്ടാക്കുമെന്ന് നമ്മുക്ക് കരുതുക വയ്യ. പക്ഷേ നാളെ, കേരളത്തില്‍ ഉണ്ടായിട്ടുള്ള ഹര്‍ത്താലുകളുടെ ചരിത്രം ചികഞ്ഞ് പോകുന്ന ഒരുവന് നാം നഷ്ടപ്പെടുത്തിയ ദിനങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടത്തിന് ഈ ബ്ലോഗ് കാരണമാകാം. എല്ലാവരുടെയും നിസ്സീമമായ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഇങ്ങിനെയൊരു ഉദ്യമം വിജയത്തിലെത്തുള്ളു. ഈ ബ്ലോഗിന്റെ ഉടമസ്ഥാവകാശം എങ്ങിനെ വേണം എന്നുള്ളതിനും തുറന്ന ചര്‍ച്ച ക്ഷണിയ്ക്കുന്നു.

പ്രവര്‍ത്തന രീതി:
വളരെ ലളിതമായാണ് ഹര്‍ത്താല്‍ എന്ന ഗ്രൂപ്പ് ബ്ലോഗ് പ്രവര്‍ത്തിയ്ക്കുക. ഹര്‍ത്താലുകള്‍,പണിമുടക്കുകള്‍,പഠിപ്പുമുടക്കുകള്‍,ബന്ദുകള്‍ തുടങ്ങിയ ആഘോഷങ്ങള്‍ കേരളത്തിന്റെ ഏത് കോണില്‍ നടന്നാലും എന്നെന്നെത്തേയ്ക്കുമായി ഇവിടെ ശേഖരിയ്ക്കപ്പെടണം. അതൊരു ഭഗീരഥപ്രയത്നമാണ്. ഇന്ന് മലയാളത്തില്‍ ബ്ലൊഗെഴുതുന്ന എല്ലാവരും കൂടി വിചാരിച്ചാലും കേരളത്തില്‍ പ്രഖ്യാപിയ്ക്കുന്ന പണിമുടക്കുകളെ ക്രോഡീകരിയ്ക്കാന്‍ കഴിയില്ല. എങ്കിലും കഴിയുന്നത്ര പണിമുടക്കുകളെ നമ്മുക്കിവിടെ ഉപ്പിലിട്ട് വെയ്ക്കാം - ഒരു നാടിനെ നാം ഇന്ന് എങ്ങിനെ നശിപ്പിച്ചു എന്ന് നാളത്തെ തലമുറയ്ക്ക് കാട്ടികൊടുക്കാനായി.

ഒരു ഹര്‍ത്താല്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു പോസ്റ്റിടുക. ദേ ഇങ്ങിനെ:

അവനവന്‍ ചേരിയില്‍ ഹര്‍ത്താല്‍:
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ അവനവന്‍ ചേരി എന്ന സ്ഥലത്ത് നാളെ അഖില ഭാരതീയ അവനവന്‍ ചേരി ബ്ലോഗെഴുത്ത് യൂണിയന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അവനവന്‍ ചേരി പഞ്ചായത്ത് പ്രസിഡന്റിന് അഖില ഭാരതീയ അവനവന്‍ ചേരി ബ്ലോഗെഴുത്ത് യൂണിയന് വേണ്ടി ദേശീയ പ്രസിഡന്റ് ഉല്പലാക്ഷന്‍ മൂന്നിന അവകാശ പത്രിക സമര്‍പ്പിച്ചു. അവകാശങ്ങള്‍ താഴെ പറയുന്നു:
1. ബ്ലോഗെഴുത്ത് കാരുടെ തറവില അമ്പത് പൈസ കണ്ട് വര്‍ദ്ധിപ്പിയ്ക്കുക.
2. ബ്ലോഗെഴുത്ത്കാര്‍ക്ക് അവനവന്‍ ചേരി പഞ്ചായത്തില്‍ അമ്പത് ശതമാനം ജോലി സംവരണം ഉടന്‍ നടപ്പാക്കുക.
3. ബ്ലോഗെഴുത്ത്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക.
രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.

ഇത്രയുമാണ് പോസ്റ്റില്‍ ഉണ്ടായിരിയ്ക്കേണ്ടുന്നത്. തുടര്‍ന്ന് വരുന്ന ദിനങ്ങളില്‍ അവനവന്‍ ചേരി പഞ്ചായത്ത് ഈ ഹര്‍ത്താലിനുമേല്‍ എന്ത് നടപടി എടുത്ത് എന്ന് തിരക്കി അറിയുവാന്‍ അഖില ഭാരതീയ അവനവന്‍ ചേരി ബ്ലൊഗെഴുത്ത് യൂണിയന്‍ മിനക്കെടില്ല എങ്കിലും നാം അതിന്റെ ഫലം എന്തായിരുന്നു എന്ന് കണ്ടെത്തണം. ഒരു നിശ്ചിത ദിനത്തിനുള്ളില്‍ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലാ എങ്കില്‍ യൂണിയനോട് നാം ഇക്കാര്യത്തെ കുറിച്ച് രേഖാമൂലം വിശദീകരണം ആവശ്യപ്പെടണം.

അതിങ്ങനെയാകാം:
ബഹുമാനപ്പെട്ട അവനവന്‍ ചേരി ബ്ലോഗെഴുത്ത് യൂണിയന്‍ പ്രസിഡന്റ് ഉല്പലാക്ഷന്‍ അവര്‍കള്‍ അറിയുന്നതിന്,
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുന്നേ അതായത് രണ്ടായിരത്തി എട്ട് ആഗസ്റ്റ് പതിനഞ്ചാം തീയതി താങ്കളുടെ യൂണിയന്‍ അവനവന്‍ ചേരി പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താല്‍ ഫലം കണ്ടോ? താങ്കളുടെ യൂണിയന്‍ പഞ്ചായത്തിന് സമര്‍പ്പിച്ച മൂന്നിന അവകാശ പത്രിക അവനവന്‍ ചേരി പഞ്ചായത്ത് അംഗീകരിച്ചുവോ? അംഗീകരിച്ചില്ലാ എങ്കില്‍ ആ അവകാശങ്ങളുടേ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

ഇതേകുറിച്ചുള്ള വിശദമായ ഒരു മറുപടി അന്നേ ദിവസം ഹര്‍ത്താലിന്റെ പിടിയില്‍ പെട്ട ഒരു സാധാരണ പൌരന്‍ എന്ന നിലയ്ക്ക് ഞാന്‍ താങ്കളില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നു.

നന്ദി,
വിനീത വിധേയന്‍.

ആറുമണിയ്ക്ക് ജനിച്ച് ആറുമണിയ്ക്ക് അവസാനിയ്ക്കുന്ന ഹര്‍ത്താലുകള്‍ക്ക് ഈ പ്രകൃയയിലൂടെ നമ്മുക്ക് പുനര്‍ ജീവന്‍ കൊടുക്കാന്‍ പറ്റുമെന്നതില്‍ യാതൊരു സംശയവും വേണ്ട. തുടര്‍ ചര്‍ച്ചകള്‍ എന്നാല്‍ ഈ ഗ്രൂപ്പ് ബ്ലോഗില്‍ ഉള്‍പ്പെടുന്ന എല്ലാവരും ഹര്‍ത്താല്‍ പ്രഖ്യാപിയ്ക്കുന്ന പാര്‍ട്ടീ നേതാക്കന്മാര്‍ക്ക് കത്ത് അയയ്ക്കുക എന്നതിനും പുറമേ ആ കത്തുകള്‍ ഈ ബ്ലോഗില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കുകയും ചെയ്യുക എന്നതാണ്. കഴിയുമെങ്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിയ്ക്കുന്ന നേതാക്കന്മാരോട് ജീമെയില്‍ അക്കൌണ്ട് ഓപ്പണ്‍ ആക്കാന്‍ അപേക്ഷിക്കുകയും അതിന് അവരെ സഹായിയ്ക്കുകയും വേണം. തപാലിലൂടെ കത്ത് അയയ്ക്കന്നതിനേക്കാള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുവാന്‍ നെറ്റിന്റെ സൌകര്യം ഉപയോഗിയ്ക്കുന്നത് നല്ലതായിരിയ്ക്കുമല്ലോ?

ഒരു ദിനം കൊണ്ട് മരണപ്പെടേണ്ടവയല്ല മനുഷ്യന്റെ ഒരു ദിവസത്തെ ജീവിതം നിശ്ചലമാക്കുന്ന ഹര്‍ത്താല്‍. പ്രഖ്യാപിയ്ക്കപ്പെടുന്ന ഹര്‍ത്താലുകള്‍ എന്നെന്നത്തേയ്ക്കുമായി സൂക്ഷിച്ചു വെയ്ക്കപ്പെടണം. ഹര്‍ത്താലുകള്‍ മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യങ്ങള്‍ സാധൂകരിയ്ക്കപ്പെടുന്നുണ്ടോ എന്ന ജാഗ്രത ഹര്‍ത്താലുകള്‍ പ്രഖ്യാപിയ്ക്കന്നവര്‍ക്കില്ല. പക്ഷേ അത് അനുഭവിയ്ക്കുന്നവര്‍ക്ക് ഉണ്ടാകണം. അതിന് തുടക്കമാകാന്‍ ഈ ഗ്രൂപ്പ് ബ്ലോഗിന് കഴിയുമെന്ന് കരുതുന്നു.

കഴിയുന്നത്ര ഐഡികളിലേയ്ക്ക് ഹര്‍ത്താല്‍ നോട്ടിസ് എത്തിയ്ക്കുന്നു. ഏവരും കൈപ്പറ്റണമെന്നും ഈ ഗ്രൂപ്പ് ബ്ലോഗിലേയ്ക്ക് വന്ന് ഹര്‍ത്താല്‍ ഒരു വന്‍ വിജയമാക്കണമെന്നും താഴ്മയായി അപേക്ഷിയ്ക്കുന്നു. ഹര്‍ത്താലിന്റെ നോട്ടിസ് കിട്ടാത്തവര്‍ അവരുടെ വിലാസം കമന്റായി ചേര്‍ത്താല്‍ ഹര്‍ത്താലില്‍ അവരേയും ഉള്‍പ്പെടുത്തുന്നതാണ്. ആദ്യ വട്ട ചര്‍ച്ചയ്ക്ക് ശേഷം ബ്ലോഗിന്റെ നിയന്ത്രണാവകാശം എങ്ങിനെ വേണമെന്ന് നമ്മുക്ക് ഒരു പൊതു ചര്‍ച്ചയിലൂടെ തീരുമാനിയ്ക്കാം.

ഏവരുടേയും സഹകരണവും സഹായവും പ്രതീക്ഷിച്ചു കൊണ്ട് ഹര്‍ത്താല്‍ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ് ബൂലോഗ സമക്ഷം സമര്‍പ്പിയ്ക്കുന്നു.

ഏവര്‍ക്കും ഹര്‍ത്താലാശംസകള്‍...
നന്ദി.

30 comments:

യാരിദ്‌|~|Yarid said...

അവകാശത്തിനു വേണ്ടി ഒരു ഹര്‍ത്താല്‍ സംഘടിപ്പിക്കേണ്ടി വരുമൊ?;)

t.k. formerly known as thomman said...

മറുനാട്ടില്‍ സ്ഥിരതാമസക്കാരനായതുകൊണ്ട് പിന്‍‌വലിയുന്നു. ബ്ലോഗിംഗിനെ citizen ജേര്‍‌ണലിസത്തിലേക്ക് അടുപ്പിക്കുന്ന നല്ല സംരംഭം! എല്ലാ ഭാവുകങ്ങളും.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഡിസംബര്‍വരെ പത്തനംതിട്ട പ്രദേശങ്ങളിലുള്ള എല്ലാ ഹര്‍ത്താല്‍ കുണ്ടാമണ്ടികളും; കോളേജ് ,സ്കൂള്‍ ,‘അംഗന‌വാടികള്‍‘ സമരങ്ങളും
സമയാസമയങ്ങളില്‍ അറിയിക്കുന്നതാണ് ....

അനില്‍@ബ്ലോഗ് // anil said...

ഞമ്മളും കൂടാ.
എലശന്‍ കാലമല്ലെ,സലം ജാസ്തി മാണ്ട്യരും.

അഞ്ചല്‍ക്കാരന്‍ said...

അനിലിന്റെ മെയില്‍ ഐഡി ലഭ്യമാക്കാന്‍ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു.

chithrakaran:ചിത്രകാരന്‍ said...

അഭിവാദ്യങ്ങള്‍ !!!
പക്ഷേ, ഈ നീറുന്ന പ്രശ്നത്തെ തമാശയാക്കുന്നതില്‍ ചിത്രകാരന്‍ യോജിക്കില്ല.
സസ്നേഹം.

അജ്ഞാതന്‍ said...

വളരെ നല്ല കാര്യം.ഇത്തരത്തില്‍ ഒരു ബ്ലോഗ് ഉണ്ടാക്കി താങ്കളെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.ഇന്‍വിറ്റേഷന്‍ കിട്ടി.ജോയിന്‍ ചെയ്തിട്ടുണ്ട്.

വളരെ ചെറിയ കാലം കൊണ്ട് ലോകത്ത് ഇതുവരെ ഉണ്ടാക്കിയിട്ടുള്ള മുഴുവന്‍ ബ്ലോഗ് പോസ്റ്റിനേക്കാളും കൂടുതല്‍ പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ ഉണ്ടാവും എന്നു കരുതുന്നു.കാരണം ഇതു നമ്മുടെ കേരളത്തിലെ ഹര്‍ത്താലിനെ കുറിച്ചാണല്ലോ!!

അഞ്ചല്‍ക്കാരന്‍ said...

ചിത്രകാരന്‍,
ഇതില്‍ തമാശ അല്പം പോലും ഇല്ല. ആ ഉദാഹരണമാണ് ഇങ്ങിനെ ഒരു അനുമാനത്തില്‍ എത്തിച്ചതെങ്കില്‍ പറഞ്ഞ ഉദാഹരണം ആത്മ രോഷത്തില്‍ നിന്നും ഉണ്ടായതാണെന്ന് മനസ്സിലാക്കിയാല്‍ മതി. നാട്ടിലെ ഹര്‍ത്താല്‍ ആ ഉദാഹരണത്തേക്കാള്‍ എത്രയോ തരം താണ തമാശയാണ്.

നന്ദി.

അജ്ഞാതന്‍ said...

ഇതിനെ ഒരിക്കലും തമാശയായി കാണേണ്ടതില്ല.അഞ്ചല്‍ക്കാരന്‍ പറഞ്ഞ പോലെ എത്രെ ദിവസങ്ങള്‍ നമ്മള്‍ പാഴാക്കി എന്നു ചിന്തിക്കാന്‍ ഈ ബ്ലോഗ് നമ്മളെ സഹായിക്കും.

ഈ ബ്ലോഗ് കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോകുകയാണെങ്കില്‍ എന്നെങ്കിലുമൊരിക്കല്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ശിക്കും.

പ്രിയ അഞ്ചല്‍,ഒരു suggestion ഉണ്ട്.ഏതൊക്കെ പാര്‍ട്ടികളാണ് ഹര്‍ത്താല്‍ നടത്തുന്നത് [കേരളത്തെ മുടിപ്പിക്കുന്നത്] എന്നു വേഗം മനസ്സിലാക്കാല്‍ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികളുടെ പേരുകള്‍ പോസ്റ്റിന്റെ കൂടെ ലേബലുകള്‍ ആക്കി ഇടുക

അഞ്ചല്‍ക്കാരന്‍ said...

അജ്ഞാതന്‍,
കേരളത്തിലെ ഇന്ന് അറിയപ്പെടുന്ന മുഴുവന്‍ പാര്‍ട്ടികളുടേയും പതാക അടക്കം ബ്ലോഗില്‍ ഉള്‍പ്പെടുത്താനും ശ്രമിയ്ക്കാം. ഒരോ പോസ്റ്റിലും ആ ഹര്‍ത്താലിന് കാരണമാകുന്ന പാര്‍ട്ടികളെ ലേബലായി കൊടുക്കാം.

ഹര്‍ത്താലുകളെ സൂക്ഷിച്ചു വെയ്ക്കുക എന്നതിലുപരി ആചരിയ്ക്കപ്പെടുന്ന ഹര്‍ത്താലുകളുടെ അനന്തര ഫലം തേടി പോകലും (ഒരു തരം ഫോളോ അപ്പ്) ഈ ബ്ലോഗിന്റെ ലക്ഷ്യമാണ്.

മറ്റെന്തെങ്കിലും നിര്‍ദ്ദെശമുണ്ടെങ്കില്‍ അതും നമ്മുക്ക് ചര്‍ച്ചയ്ക്ക് വെയ്ക്കാം.

നന്ദി.

Shaf said...

ഒരു നാടിനെ നാം ഇന്ന് എങ്ങിനെ നശിപ്പിച്ചു എന്ന് നാളത്തെ തലമുറയ്ക്ക് കാട്ടികൊടുക്കാനായി.
me also joined

അജ്ഞാതന്‍ said...

ഇന്നു കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലുകള്‍ക്കു കാരണങ്ങളോ!! തമാശ പറയാതെ അഞ്ചല്‍ ;)

പിന്നെ കേരളത്തിന്‍ ജീവിക്കുന്ന ബ്ലോഗേര്‍സിനു മാത്രമേ ഈ ബ്ലോഗിലേക്കു കാര്യമായി സംഭാവന ചെയ്യാന്‍ സാധിക്കു.അതുകൊണ്ട് അവര്‍ക്കു മുന്‍ഗണന കൊടുക്കുക

അഞ്ചല്‍ക്കാരന്‍ said...

അജ്ഞാതന്‍,
ആ കമന്റ് ഇങ്ങിനെയാണ്.
...ഒരോ പോസ്റ്റിലും ആ ഹര്‍ത്താലിന് കാരണമാകുന്ന പാര്‍ട്ടികളെ ലേബലായി കൊടുക്കാം.

ഹര്‍ത്താലിന് കാരണക്കാരാകുന്ന പാര്‍ട്ടികള്‍ എന്നാണ് പറഞ്ഞത്. ഹര്‍ത്താലിന്റെ കാരണം തേടിയിട്ട് കാര്യമൊന്നുമില്ലാ എന്നറിയാവുന്നതു കൊണ്ട് തന്നെയാണ് കാരണമാകുന്ന പാര്‍ട്ടികള്‍ എന്ന് ചേര്‍ത്തത്. എങ്കിലും ഹര്‍ത്താലുകളുടെ കാര്യവും കാരണവും ഫലവും തേടുകയെന്നത് തന്നെയാണ് നമ്മള്‍ ലക്ഷ്യം വെയ്ക്കുന്നത്.

നന്ദി.

Unknown said...

ആശംസകള്‍ !

കുഞ്ഞന്‍ said...

5ത്സ്,

സ്നേഹപൂര്‍വ്വം ക്ഷണം നിരസിക്കുന്നു.

കാരണം ഞാന്‍ വിദേശവാസത്തിലാണ്. എന്റെ വീട്ടീല്‍ നടക്കുന്ന സംഭവങ്ങള്‍ അറിയുന്നത് ഒരാഴ്ച കഴിയുമ്പോഴാണ്. അപ്പോള്‍ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ (പ്രാദേശികം) എങ്ങിനെ അറിയും.

ഇത് നല്ലൊരു സംരഭം ആണ്. കാരണം മുകളിലെ കമന്റില്‍ പറഞ്ഞതുപോലെ ഏതു പാര്‍ട്ടിയാണ് കൂടുതല്‍ ഹര്‍ത്താല്‍ നടത്തുന്നത് എന്നറിയാന്‍ പറ്റുകയും (പക്ഷെ ഭരിക്കുന്ന പാര്‍ട്ടിയുടെ ഹര്‍ത്താല്‍ തുലോം കുറവായിരിക്കും) ആ ഹര്‍ത്താലുകൊണ്ട് എന്തു നേടി എന്നുകൂടി അറിയാന്‍ പറ്റുകയും ചെയ്യുന്നത് നാളെ ഒരു മുതല്‍ക്കൂട്ടായിരിക്കും, എങ്ങിനെ..? ഇത് അപ്ഡേറ്റു ചെയ്യുകയാണെങ്കില്‍ മാത്രം..!

അജ്ഞാതന്‍ said...

insha Allah...എന്തായാലും പൂര്‍ണ്ണ പിന്തുണയുമായി ഞാനും കൂടെ ഉണ്ട്.ഹര്‍ത്താലും അതിനോടു കൂടെ ഉണ്ടാകുന്ന അനിഷ്ട സംഭങ്ങളും എല്ലാം നമ്മുടെ ചര്‍ച്ചയില്‍ വരട്ടെ.പറ്റുമെങ്കില്‍ ഫോട്ടോ സഹിതം.

Mr. K# said...

ഹര്ത്താലില്‍ ആവശ്യപ്പെടുന്ന കാര്യങ്ങളുടെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള ചര്ച്ചയാണോ ഉദ്ദേശിക്കുന്നത്?

അഞ്ചല്‍ക്കാരന്‍ said...

കുതിരവട്ടന്‍,
അല്ല.
1. ഹര്‍ത്താലുകളുടെ നാള്‍വഴി :
ആചരിയ്ക്കപ്പെടുന്ന ഹര്‍ത്താലുകള്‍ ദിവസം,പ്രഖ്യാപിച്ച പാര്‍ട്ടി,കാരണം,സ്ഥലം എന്നിവ.

2. ഹര്‍ത്താലിന് ശേഷം ഹര്‍ത്താലിന് ഹേതുവായ വിഷയത്തിന് സംഭവിയ്ക്കുന്ന മാറ്റം. അതായത് ഹര്‍ത്താലില്‍ ഉന്നയിയ്ക്കപ്പെട്ട വിഷയത്തിന് ഏതെങ്കിലും തരത്തിലുള്ള പരിഹാരം കാണാന്‍ ഹര്‍ത്താല്‍ എന്ന സമരമുറയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന അന്വോഷണം. കോടിക്കണക്കിന് രൂപ വിലയുള്ളതാണ് ഒരോ ഹര്‍ത്താലും. ആ വിലയ്ക്ക് തുല്യമായ ഫലം ആചരിയ്ക്കപ്പെട്ട ഹര്‍ത്താലില്‍ നിന്നും ലഭ്യമായിട്ടുണ്ടോ എന്നറിയാന്‍ ഹര്‍ത്താലിന് ഇരയാകുന്നവര്‍ക്ക് അവകാശമുണ്ടായിരിയ്ക്കണമല്ലോ?

നന്ദി.

Mr. K# said...

ഒരു സമരത്തിന്റെ ഇര. (സമരം നടത്തുന്നവര്‍ = ആര്ക്കോ വേണ്ടി ഓക്കാനിക്കുന്നവര്‍.)
-----------------------------------------------------------------------------------
കാലത്ത് ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴാണ്‍ സമരം. ബസ് ചാര്ജ്ജ് വര്ദ്ധന പിന്വലിക്കണമത്രേ. കുറച്ചാല്‍ നല്ലത്. എന്തായാലും ഒരു ലീവ് പോയി. വീട്ടില്‍ പോയിരുന്നു ക്രിക്കറ്റ് മാച്ച് കണ്ടു. പിറ്റേ ദിവസത്തെ പേപ്പര്‍ നോക്കി ബസ്ചാര്ജ്ജ് കുറച്ചോ എന്ന്. ചര്ച്ചക്ക് തയ്യാറില്ല എന്ന് ബസുടമകള്‍. ഇവനൊക്കെ സമരം ചെയ്യാന്‍ അറിയുമോ, കുറഞ്ഞത് ഒരു പത്ത് ബസിന്റെയെന്കിലും ചില്ലടിച്ചു പൊട്ടിച്ചെന്കില്‍ സമരം ഒന്ന് കൊഴുത്തേനെ എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് തലേ ദിവസത്തിന്റെ സമരത്തിന്റെ ഇര ഓഫീസിലേക്ക് യാത്രയായി. ഓഫീസില്‍ ചെന്നിട്ട് വേണം സമരവിശേഷം അഞ്ചല്ക്കാരന്റെ ബ്ലോഗില്‍ അപ്ഡേറ്റ് ചെയ്യാന്!

അനാഗതശ്മശ്രു said...

happy to join hands with blog group

radhans@gmail.com

മാവേലി കേരളം said...

പ്രിയ് അഞ്ചല്‍,

ക്ഷണം സ്വീകരിച്ചു.

നല്ല ഉദ്യമം.

എന്നാല്‍ ചില സംശയം. നെഗറ്റീവ് അല്ല.

“ആ വിലയ്ക്ക് തുല്യമായ ഫലം ആചരിയ്ക്കപ്പെട്ട ഹര്‍ത്താലില്‍ നിന്നും ലഭ്യമായിട്ടുണ്ടോ എന്നറിയാന്‍ ഹര്‍ത്താലിന് ഇരയാകുന്നവര്‍ക്ക് അവകാശമുണ്ടായിരിയ്ക്കണമല്ലോ?“

ഇതു കുതിരവ്ട്ടനെഴുതിയ കമന്റില്‍ നിന്നാണ്‍്.

അപ്പോള്‍ സംശയം: എങ്ങനെയാണ്‍് ഈ വിവരം ആ ഇരകളെ അറിയിക്കുന്നത്.ലഘുലേഖ വിതരണം ഛെയ്യൂമോ‍? കാരണം അവരു ബ്ലോഗു വായിക്കൂന്നവരാ‍ായിരിക്കില്ലല്ലോ.

അതോ ആ വിവരം വിവരമായി ഭാവി തലമുറക്കു റഫര്‍ ചെയ്യാനായി മാത്രം ബ്ലോഗില്‍ കിടക്കുമെന്നോ?

പിന്നെ വിദേശത്തു താമസിക്കുന്നെങ്കിലും, കേരളത്തിളെ കാര്യങ്ങള്‍ അറിയാന്‍ താല്പര്യമുണ്ട്. സൌത്താഫ്രിക്കയില്‍ ഹര്‍ത്താല്‍ എന്നു പറയുന്ന ഒരവസ്ഥ ഇതു വരെ ഉണ്ടായിട്ടില്ല,പണിമുടക്ക്, പ്രകടനം ഒക്കെ ഉണ്ട്.അത് റയില്‍‌വേ ടാസ്കി ഇതിനെയൊക്കെ ബാധിക്കാറുണ്ട്. അല്ലാതെ ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തില്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല.

അങ്ങനെ വന്നാല്‍ ഇവിടെ പബ്ലിക്ക് അതിനെതിരായി അതിശക്തമായി വരും. അപ്പോള്‍ പബ്ലിക്ക് കോണ്‍സ്യസ്നെസ്സ് ഒരു പ്രധാന ഘടകമാണ്‍്. കേരളത്തിലെ പബ്ലിക്ക് വെറും ഇരകളാണ്‍്, അല്ലെങ്കില്‍ ദിനം പ്രതി ഈ ഹര്‍ത്താലിന്റെ ദൂഷ്യങ്ങളും പേറി മിണ്ടാണ്ടിരിക്കുമോ? പക്ഷെ അവ്രരുടെ നിശബ്ദത എങ്ങനെ മാറ്റും? അതു മാറ്റാനൊന്നും കഴിയീല്ല. പക്ഷെ അതിനു വേണ്ടി ശമീക്കുക ഈ കൂട്ടത്തിന്റെ ഒരുദ്ദേശമാണോ?

ആശസകള്‍

അജ്ഞാതന്‍ said...

"എങ്ങനെയാണ്‍് ഈ വിവരം ആ ഇരകളെ അറിയിക്കുന്നത്.ലഘുലേഖ വിതരണം ഛെയ്യൂമോ‍? കാരണം അവരു ബ്ലോഗു വായിക്കൂന്നവരാ‍യിരിക്കില്ലല്ലോ"


കേരളത്തില്‍ ജീവിക്കുന്ന ഒരോ മനുഷ്യരും ഹര്‍ത്താലിന്റെ ഇരകളാണ്.എനിക്കു തോന്നുന്നത് ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത് ഹര്‍ത്താലിനെ പറ്റിയുള്ള ഒരു Encyclopedia ആണെന്നാണ്.ഈ ബ്ലോഗ് വായിക്കുന്ന പുതു തലമുറ തിരിച്ചറിയട്ടെ ഇത്തരം ഹര്‍ത്താലുകളെ കൊണ്ട് ജനങ്ങള്‍ക്ക് നേട്ടങ്ങള്‍ ഒന്നും ഇല്ലെന്ന്

അജ്ഞാതന്‍ said...

സ്ക്കൂള്‍ അധ്യാപകന്‍ കൊല്ലപ്പെട്ടപ്പോള്‍ നടന്ന ഹര്‍ത്താലിനെ പറ്റി ഒരു ബ്ലോഗില്‍ എഴുതിയതാണ് ഈ കമന്റ്. ഹര്‍ത്താല്‍ നടന്നിട്ടു മാസം ഒന്നാകാറായി.എന്നിട്ടും.....

പ്രയാസി said...

അഞ്ചത്സേ.. നമ്മളും വിദേശത്താണല്ലാ..എന്നാലും സമയം കിട്ടുമ്പോലെ ഇവിടെ എത്തിയേക്കാം..
എല്ലാ വിധ ഭാവുകങ്ങളും
ഹര്‍ത്തല്‍ കീ ജയ്..:)

ബഷീർ said...

കൊള്ളാം..

ഇപ്പോള്‍ ആശംസകള്‍ നേരുന്നു..

ഒന്ന് രണ്ട്‌ ഹര്‍ത്താലുകള്‍ക്ക്‌ ശേഷം വരാം.

ജെസില്‍ said...

ഹര്‍ത്താലുകള്‍ക്കെതിരെ മനസില്‍ അമര്‍ഷം വന്നാലും അതെല്ലാം ഒതുക്കി ഹര്‍ത്താല്‍ ഒരു ആഘോഷമാക്കി ത്തീര്‍ക്കുന്ന കേരളജനതയുടെ ഈ ഒരു പ്രവണതയല്ലേ ഹര്‍ത്താല്‍ വിജയികുന്നതിനു മുഖ്യകാരണം എന്നു എനിക്കു തോന്നുന്നു. പിന്നെ ഞാനും ഒരു പ്രവാസിയാണെന്ന കാരണത്താ‍ല്‍ ഈ ഗ്രൂപ്പില്‍ നിന്നും പിന്മാറണമെന്നൊന്നും എനിക്കില്ല. കാരണം ഞാനും ഹര്‍ത്താ‍ലിന്റെ വിഷമതകള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.ഈ ഗ്രൂപ്പില്‍ ഞാനും ഒരു അംഗമാകുവാന്‍ ആഗ്രഹിക്കുന്നു.

ramachandran said...

എനിക്ക് പറയാനുള്ളത് ഇവിടെ പറഞ്ഞിട്ടുണ്ട്

http://malayalamvaayana.blogspot.com/2007/11/blog-post_1948.html

Anonymous said...

ബൂലോകത്ത് ഇടതു സര്‍ക്കാരിന്‍റെ സ്തുതിപാഠകരായുള്ള ഭൂരിപക്ഷത്തിന് സ്വന്തം ഹര്‍ത്താലിന്‍റെ ആശംസകള്‍ നേരുന്നു.

Anonymous said...

എന്തു തോന്ന്യാസം കാണിച്ചാലും സി.പി.എമ്മിനുവേണ്ടി ഘോര ഘോഷം കുരക്കുന്നവര്‍ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന ജനകീയ ഭരണത്തെക്കുറിച്ച് എന്തു പറയുന്നു എന്നറിഞ്ഞാല്‍ കൊള്ളാം.

Mr. K# said...

"കേന്ദ്ര നയങ്ങള്‍ക്കെതിരേ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ നടത്തിയ പണിമുടക്ക്‌ കേരളത്തില്‍ ദുരിതപൂര്‍ണമായ ബന്ദായി മാറി."

ഇന്നലെ വരെ ഇവന്മാരായിരുന്നു കേന്ദ്രന്മാര്‍. മറുകണ്ടം ചാടലും കാലുവാരലും കഴിഞ്ഞു ഇപ്പോള്‍ കേന്ദ്രത്തിന്റെ നയങ്ങള്‍ക്കെതിരെ സമരം.