Sunday, September 14, 2008

ഇന്ന് ഹര്‍ത്താല്‍ നെടുമങ്ങാട്ട്.

അങ്ങിനെ ഹര്‍ത്താലില്ലാത്ത പത്ത് ദിനത്തിന് ശേഷം ഇന്ന് വീണ്ടും ഹര്‍ത്താല്‍. ഓണാഘോഷം കൊടിയിറങ്ങും മുന്നേ ഹര്‍ത്താലാഘോഷം കടന്നു വരുന്നത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പ്രദേശത്താണ്. തൂങ്ങിമരിച്ചയാള്‍ മരിക്കുന്നതിനു മുന്നേ തൂങ്ങിയതാണോ അതൊ മരിച്ചതിന് ശേഷം തൂങ്ങിയതാണോ എന്ന തര്‍ക്കം തര്‍ക്കമായി തന്നെ നില്‍ക്കവേയാണ് പരേതനെ കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞ് ഹര്‍ത്താല്‍ ആഘോഷിയ്ക്കപ്പെടുന്നത്. കൊലപാതകമാണേലും ആത്മഹത്യയാണേലും ഓണമാണേലും ഹര്‍ത്താല്‍ ഹര്‍ത്താലായി തന്നെ ആഘോഷിയ്ക്കാം...

ഹര്‍ത്താല്‍ ഒറ്റനോട്ടത്തില്‍.

കാരണം:
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട്, പനവൂര്‍ പാണയം എരുമല കോളനി തടത്തരികത്തു വീട്ടില്‍ വാസുവിന്റെയും ശ്യാമളയുടേയും മകന്‍ സുഭാഷ് എന്ന ഇരുപത് വയസ്സുകാരനെ ടിയാന്റെ വസതിയ്ക്കു സമീപമുള്ള റബ്ബര്‍ തോട്ടത്തിലെ റബ്ബര്‍ മരങ്ങളിലൊന്നിന്റെ കൊമ്പിന്മേല്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ഡി.വൈ.എഫ്.ഐയുടെ എരുമല യൂണിറ്റ് അംഗമായിരുന്ന പരേതനും ചില കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി മരണദിനത്തിന് തലേന്ന് പ്രത്യായ ശാസ്ത്രപരമായ ചില കശപിശകള്‍ നടന്നിരുന്നു. ആയതിന്റെ പ്രതികാരം തീര്‍ക്കാനായി കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരേതനെ കൊന്നു കെട്ടിതൂക്കിയതാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപനം.

പ്രഖ്യാപിച്ചത്:
ഡി.വൈ.എഫ്.ഐ. നെടുമങ്ങാട് ഏരിയാ കമ്മിറ്റി.

തീയതി:
കൃസ്താബ്ദം രണ്ടായിരത്തി എട്ട് സെപ്തംബര്‍ മാസം പതിനാലാം തീയതി ഞായറാഴ്ച.

സമയം:

പതിവു പോലെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ.

ബാധിത മേഖല:
ഡി.വൈ.എഫ്.ഐയുടെ നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ കീഴില്‍ വരുന്ന പനവൂര്‍, ആ‍നാട്, നെടുമങ്ങാട്, അരുവിക്കര, വെള്ളനാട്, വെമ്പായം, കരകുളം പ്രദേശങ്ങള്‍.

കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് തീര്‍ച്ചയില്ലാത്ത ഒരു മരണം, കൊലപാതകം തന്നെയെന്ന് നിശ്ചയിച്ച് കൊലപാതകികളെ പിടികൂടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആചരിയ്ക്കപ്പെടുന്ന ഹര്‍ത്താല്‍, പരേതന്‍ ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തില്‍ പോലീസെത്തിയാല്‍ എങ്ങിനെ ന്യായീകരിയ്ക്കപ്പെടും?

ഇന്നി ആത്മഹത്യ ചെയ്തതാണ് സുഭാഷെങ്കില്‍ അയാള്‍ കൊലചെയ്യപ്പെട്ടതാണ് എന്ന് തെളിയിയ്ക്കപ്പെടും വരെ സമരം ചെയ്യാമല്ലോ? സംഗതിയെന്തായാലും നെടുമങ്ങാട്ടുകാര്‍ക്ക് ഓണം കെങ്കേമമാകാന്‍ ഒരു ഹര്‍ത്താലും കൂടി വീണുകിട്ടി!

പ്രത്യേക അറിയിപ്പ്:
വായനക്കാരില്‍ ആരെങ്കിലും നെടുമങ്ങാട് പ്രദേശത്തുള്ളവരാണ് എങ്കില്‍ ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ഏരിയ സെക്രട്ടറിയുടെ പേരും വിലാസവും സംഘടിപ്പിയ്ക്കാന്‍ കഴിയുമെങ്കില്‍ കമന്റായി ചേര്‍ക്കുക. നാളെ ഈ മരണത്തിന്റെ നിജസ്ഥിതി പുറത്താകുന്ന ഒരു ദിനം വരികയും ടിയാന്‍ ആത്മഹത്യ ചെയ്തതാണ് എന്നതായിരുന്നു വസ്തുതയെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയും ഡി.വൈ.എഫ്.ഐ ആ നിഗമനം അംഗീകരിയ്ക്കുകയും ചെയ്താല്‍ ഇന്ന് ആചരിയ്ക്കപ്പെടുന്ന ഹര്‍ത്താലിനെ അദ്ദേഹം എങ്ങിനെ ന്യായീകരിയ്ക്കും എന്ന് അന്ന് നമ്മുക്ക് എഴുതി ചോദിയ്ക്കാം.